തിരുപരംകുണ്ട്രം വിധി വര്‍ഗീയ കലാപത്തിന് കാരണമായേക്കാം: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി

വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തില്‍ തിടുക്കപ്പെട്ട് വിധി പുറപ്പെടുവിക്കുന്നത് സംസ്ഥാനത്തുടനീളം സാമുദായിക സംഘര്‍ഷത്തിനും സമാധാനം തകര്‍ക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

തിരുപരംകുണ്ട്രം വിധി വര്‍ഗീയ കലാപത്തിന് കാരണമായേക്കാം: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി
dot image

ചെന്നൈ: മധുരയിലെ തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുളള ദീപത്തൂണില്‍ കാര്‍ത്തിക വിളക്ക് തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് എസ് സുന്ദര്‍ രംഗത്ത്. സംസ്ഥാനവും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടും മദ്രാസ് ഹൈക്കോടതിയ്ക്ക് എങ്ങനെയാണ് ഇത്തരമൊരു വിധി പുറപ്പെടുവിക്കാനാവുക എന്ന് എസ് എസ് സുന്ദര്‍ ചോദിച്ചു. വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തില്‍ തിടുക്കപ്പെട്ട് വിധി പുറപ്പെടുവിക്കുന്നത് സംസ്ഥാനത്തുടനീളം സാമുദായിക സംഘര്‍ഷത്തിനും സമാധാനം തകര്‍ക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മദ്രാസ് ഹൈക്കോടതി വിധി നടപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് മുന്‍ ജഡ്ജിയുടെ പ്രതികരണം.

'പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അര്‍ത്ഥവത്തായ പരിഹാരങ്ങളുണ്ടാക്കുന്നതിന് പകരം ചില ജഡ്ജിമാര്‍ പക്ഷം ചേര്‍ന്ന് തീരുമാനങ്ങളെടുക്കുകയാണ്. തിരുപരംകുണ്ട്രം കുന്നിന് മുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്ന ആചാരമോ അനുഷ്ടാനമോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായതാണ്. സാധാരണ ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കുന്ന ഇടങ്ങളിലല്ലാതെ മറ്റെവിടെയും ദീപം തെളിയിക്കുന്നതിനെ ക്ഷേത്രം അധികൃതർ തന്നെ എതിര്‍ത്തിട്ടും കോടതിയ്ക്ക് എങ്ങനെയാണ് പുതിയ ആചാരം സൃഷ്ടിക്കാന്‍ അനുവദിക്കാനാവുക? സംസ്ഥാനം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആശങ്കകള്‍ വ്യക്തമാക്കിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്': എസ് എസ് സുന്ദര്‍ പറഞ്ഞു.

ക്ഷേത്രത്തിനും ദര്‍ഗയ്ക്കും നടുവിലുളള ദീപത്തൂണ്‍ ഹിന്ദുമതവിഭാഗത്തിന്റേതല്ലെന്നും അവിടെ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സമീപത്തുളള കുന്നുകളില്‍ താമസിച്ചിരുന്ന ദിഗംബര ജൈന സന്യാസികളുമായി ചരിത്രപരമായി ഈ സ്തംഭം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ഒത്തുകൂടാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന സ്തംഭമാണിതെന്നും അതിന് ഹിന്ദു ആചാരങ്ങളുമായി ബന്ധമില്ലെന്നും ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ജോതി വ്യക്തമാക്കിയിരുന്നു.

ഹിന്ദു-മുസ്‌ലിം മതവിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കകത്തുളള ദീപത്തൂണില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനാണ് അനുമതി നല്‍കിയത്. എന്നാല്‍ പതിറ്റാണ്ടുകളായി ചെയ്യുന്നത് പോലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ദീപമണ്ഡപത്തില്‍ മാത്രം വിളക്ക് തെളിയിച്ചാല്‍ മതിയെന്നായിരുന്നു ക്ഷേത്രം അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും തീരുമാനം.

മലമുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ദീപത്തൂണില്‍ വിളക്ക് തെളിയിക്കാനെത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പൊലീസ് തടയുകയും ചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. അതിന് പിന്നാലെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഉള്‍പ്പെട്ട ഇന്‍ഡ്യാ സഖ്യത്തിലെ നേതാക്കള്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.  ജി ആര്‍ സ്വാമിനാഥന്‍ പക്ഷപാതപരമായും ഭരണഘടനാ വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് എംപിമാര്‍ പരാതിയില്‍ ആരോപിക്കുന്നത്. ബ്രാഹ്‌മണരായ അഭിഭാഷകര്‍ക്കും വലതുപക്ഷ ആശയങ്ങളെ പിന്തുണയ്ക്കുന്ന അഭിഭാഷകര്‍ക്കും മാത്രമാണ് സ്വാമിനാഥന്‍ തന്റെ മുന്നില്‍ വരുന്ന കേസുകള്‍ പരിഗണിക്കുന്ന പട്ടികയില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. 

Content Highlights: Thiruparamkundram verdict may lead to communal riots: Former Madras High Court judge

dot image
To advertise here,contact us
dot image