

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ സഖ്യ രൂപീകരണത്തിനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമുള്ള തിരക്കിലാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് എന്‍ഡിഎ ഭരിക്കുമെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തിയിരുന്നു. ഭരണം പിടിച്ചെടുക്കുന്നതിനായി വിജയ്‌യുടെ ടിവികെയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയ്‌യെ മുഖ്യമന്ത്രിയാക്കിയാല്‍ ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് ടിവികെ വ്യക്തമാക്കിയതായി ഉന്നത നേതാക്കളെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തമിഴ്‌നാട്ടിലെത്തിയിരുന്നു. ഡിഎംകെ വിരുദ്ധ മുന്നണിയില്‍ പരമാവധി കക്ഷികളെ ചേര്‍ക്കാനുള്ള നിര്‍ദേശമാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന് നല്‍കിയിരുന്നത്. ഏത് വിധേനയും ടിവികെയുമായി സഖ്യം ചേരാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായും ടിവികെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാന എതിരാളി ഡിഎംകെ തന്നെയാണ്.
വിജയ്‌യെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറാകുന്ന ആരുമായും സഖ്യം ചേരാമെന്ന് നേരത്തെ ടിവികെ പറഞ്ഞിരുന്നു. അതേസമയം മതേതരത്വത്തില്‍ കേന്ദ്രീകരിക്കുന്ന പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസുമായി സ്വാഭാവിക സഖ്യകക്ഷികളാകുമെന്നും ടിവികെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ടിവികെയെ കൂട്ട് പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ബിജെപി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി ഇന്‍ഡ്യ മുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ സജീവമായി നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 38 സീറ്റുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം എന്നാല്‍ 32 സീറ്റുകള്‍ നല്‍കാമെന്നായിരുന്നു ഡിഎംകെ വ്യക്തമാക്കിയത്. പിന്നാലെ വിഭജന ചര്‍ച്ചകളില്‍ തര്‍ക്കം മുറുകി. അതേസമയം തമിഴ്‌നാട് പിടിച്ചെടുക്കാനുള്ള പുതിയ പദ്ധതികളും തന്ത്രങ്ങളും മെനയുകയാണ് ബിജെപി.
Content Highlight; The BJP is exploring a potential alliance with actor Vijay’s political party, Tamilaga Vettri Kazhagam (TVK), in Tamil Nadu, sources said. Discussions are reportedly underway as part of efforts to strengthen the party’s political strategy in the state ahead of upcoming election.