'അച്ഛാ, ഇനിയും സഹിക്കാനാവില്ല, എനിക്ക് മതിയായി'; നെയ്മര്‍ വിരമിക്കാന്‍ ആലോചിച്ചതിനെ കുറിച്ച് പിതാവ്

പിന്നാലെ ഗോളടിച്ച ശേഷം തന്നെ നോക്കി താൻ അവസാനം വരെ പോരാടുമെന്ന് പറഞ്ഞിരുന്നതായും നെയ്മറിന്റെ പിതാവ് പറഞ്ഞു

'അച്ഛാ, ഇനിയും സഹിക്കാനാവില്ല, എനിക്ക് മതിയായി'; നെയ്മര്‍ വിരമിക്കാന്‍ ആലോചിച്ചതിനെ കുറിച്ച് പിതാവ്
dot image

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആലോചിച്ചിരുന്നതായി താരത്തിന്റെ പിതാവും ഏജന്റുമായ നെയ്മർ ഡാ സിൽവ സാന്റോസ് സീനിയർ. നിരന്തരം അലട്ടുന്ന പരിക്കുകളും ആവർത്തിച്ചുള്ള ശസ്ത്രക്രിയകളും മാനസികമായി തളർത്തിയിരുന്നെന്നും ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നെയ്മർ ഗൗരവമായി ആലോചിച്ചിരുന്നുവെന്നാണ് നെയ്മർ സീനിയർ പറഞ്ഞത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് മകന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

നിലവിൽ ബ്രസീൽ ക്ലബ്ബായ സാന്റോസ് എഫ്സിയുടെ താരമായ നെയ്മർ ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തിൽ ഇടത് കാൽമുട്ടിലെ മെനിസ്കസ് പരിക്ക് ഗുരുതരമായപ്പോഴാണ് 33കാരനായ താരം കരിയർ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. പരിക്കിനെക്കുറിച്ച് തന്നോട് സംസാരിക്കുന്നതിന് മുൻപേ മാധ്യമങ്ങളിൽ വന്നത് നെയ്മറെ വല്ലാതെ വേദനിപ്പിച്ചുവെന്നും നെയ്മർ സീനിയർ പറഞ്ഞു.

'നെയ്മറിന് മെനിസ്‌കസ് പരിക്കുണ്ട്. എന്നാല്‍ അക്കാര്യം എന്നോട് സംസാരിക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ അറിഞ്ഞു. ആ സമയത്ത് അദ്ദേഹത്തിന്റെ മനസ് ശൂന്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. എനിക്ക് ഇനിയുമിത് സഹിക്കാനാവില്ല. ഓപ്പറേഷന്‍ ചെയ്യണോ എന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് മതിയായി എന്നാണ് അവന്‍ എന്നോട് പറഞ്ഞത്', നെയ്മർ സീനിയർ പറഞ്ഞു.

എന്നാൽ‌ വിമർശകർക്ക് മറുപടി നൽകിക്കൊണ്ട് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തി ലോകകപ്പ് ദൗത്യം നിറവേറ്റാൻ താൻ നെയ്മറെ പ്രേരിപ്പിച്ചതായും നെയ്മർ സീനിയർ പറഞ്ഞു. വിരമിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷം അത് ചെയ്യാമെന്നും എന്നാൽ സുഖം പ്രാപിക്കാനുള്ള ശ്രമത്തിൽ താൻ ഒപ്പമുണ്ടാകുമെന്നും പിതാവ് വാഗ്ദാനം നൽകി. തൊട്ടടുത്ത ദിവസം തന്നെ വേദന വകവെക്കാതെ നെയ്മർ പരിശീലനം ആരംഭിക്കുകയും കളിക്കളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

കളിക്കാൻ പാടില്ലെന്ന ഡോക്ടർമാരുടെ നിർദേശം അവഗണിച്ചാണ് സാന്റോസിന് വേണ്ടി നെയ്മർ വീണ്ടും പന്തുതട്ടിയത്. പരിക്കിന്റെ വേദന സഹിച്ചും കളത്തിലിറങ്ങിയ നെയ്മർ എട്ട് ഗോളുകൾ നേടി ടീമിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ആദ്യ ഗോളടിച്ച ശേഷം തന്നെ നോക്കി താൻ അവസാനം വരെ പോരാടുമെന്ന് പറഞ്ഞിരുന്നതായും നെയ്മറിന്റെ പിതാവ് പറഞ്ഞു.

Content highlights: Neymar Jr’s father has revealed that Neymar seriously Considered Retiring from football during his injury struggles at Santos

dot image
To advertise here,contact us
dot image