കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം? തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായെന്നും സൂചന

കേരളത്തിന് പുറമെ അസം, പശ്ചിമ ബം​ഗാൾ, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഇടങ്ങളിലെ സാഹചര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം? തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായെന്നും സൂചന
dot image

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ​ഗാർ​ഗിൻ്റെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച യോ​ഗം നടന്നു. കേരളത്തിൽ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ പങ്കെടുത്തു. കേരളത്തിന് പുറമെ അസം, പശ്ചിമ ബം​ഗാൾ, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഇടങ്ങളിലെ സാഹചര്യമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്.

2021ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ തെരഞ്ഞെടുപ്പ്. മെയ് 2നായിരുന്നു വോട്ടെണ്ണൽ. ഇടതുമുന്നണിക്ക് രണ്ടാമൂഴം നൽകുന്നതായിരുന്നു 2021ലെ ജനവിധി.

നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കേരളത്തിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മൂന്നാംമൂഴം എങ്ങനെയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഭരണവിരുദ്ധ വികാരവും ശബരിമല സ്വ‍ർണ്ണക്കൊള്ളയും പ്രതിഫലിച്ചു എന്ന വിലയിരുത്തലിനിടെ ജനങ്ങളെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യുമെന്ന നിലപാടിലാണ് സിപിഐഎം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർശനമാക്കിയ രണ്ട് ടേം പരിധിയിൽ വിജയസാധ്യത പരി​ഗണിച്ച് ഇത്തവണ ഇളവ് നൽകാനും സിപിഐഎം ആലോചിക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിൻ്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാ​ഗമായി കെപിസിസി നേതൃയോ​ഗം ചേർന്നിരുന്നു. ഫെബ്രുവരി ആ​ദ്യവാരം തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് രം​ഗത്തിറങ്ങാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ് നേതൃത്വം. സ്വ‍ർണ്ണക്കൊള്ള അടക്കം സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയിൽ നിർത്താനുള്ള തന്ത്രങ്ങൾക്കാണ് യുഡിഎഫ് നീക്കം. മുസ്ലിം ലീ​ഗും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെങ്കിലും വിജയസാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടാക്കിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേടിയ വിജയം ആവ‍ർത്തിക്കാനുള്ള നീക്കങ്ങളും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.

Content Highlights: Kerala Legislative Assembly elections being held in the second week of April 2026 and they are very likely to be conducted in a single phase

dot image
To advertise here,contact us
dot image