മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്ത ബജ്റംഗ്ദൾ പ്രവർത്തകർക്ക് ജാമ്യം; മാലയിട്ട് സ്വീകരിച്ച് പ്രവർത്തകർ

ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാവി ഷാളുകള്‍ അണിയിച്ചും പൂമാലകള്‍ ചാര്‍ത്തിയുമാണ് സംഘടന വരവേല്‍പ്പ് നല്‍കിയത്

മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്ത ബജ്റംഗ്ദൾ പ്രവർത്തകർക്ക് ജാമ്യം; മാലയിട്ട് സ്വീകരിച്ച് പ്രവർത്തകർ
dot image

റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങള്‍ അടിച്ച് തകര്‍ത്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി സഹപ്രവര്‍ത്തകര്‍. മാളില്‍ അതിക്രമം നടത്തിയതിന് പിന്നാലെ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് വന്‍ സ്വീകരണം ഒരുക്കിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാവി ഷാളുകള്‍ അണിയിച്ചും പൂമാലകള്‍ ചാര്‍ത്തിയുമാണ് സംഘടന വരവേല്‍പ്പ് നല്‍കിയത്.

Also Read:

റായ്പൂരിലെ മാളില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തിയതിനായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു സഹപ്രവര്‍ത്തകരുടെ വക ആഘോഷപ്രകടനങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് റായ്പൂരില്‍ ക്രിസ്മസിന്റെ ഭാഗമായി അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. മാള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയിലാണ് ആറ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കലാപം സൃഷ്ടിക്കല്‍, അതിക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.

അതിക്രമം നടത്തിയ പ്രതികള്‍ക്ക് ഇത്തരത്തില്‍ വലിയ സ്വീകരണം നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നിയമം കയ്യിലെടുത്തവരെ ആഘോഷിക്കുന്നതും അവരെ സ്വീകരിക്കുന്നതും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പലരും കുറിച്ചു. മുദ്രാവാക്യം വിളിയോടെ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന ബജ്‌റംഗ്ദള്‍ അനുയായികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Content Highlight; Six Bajrang Dal members involved in the vandalism of a Raipur shopping mall have been granted bail. After their release, they were welcomed by supporters with celebratory gestures, highlighting the public attention and controversy surrounding the incident.

dot image
To advertise here,contact us
dot image