

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ പരിക്കുമാറി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്ക്കായി അടുത്ത രണ്ട് മത്സരങ്ങളിൽ താരം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ജനുവരി ആറിന് ഹിമാചൽപ്രദേശിനെതിരായി നടക്കുന്ന കളിയിലിറങ്ങും.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെ ശ്രേയസിന്റെ വാരിയേല്ലിന് പരിക്കേറ്റിരുന്നു. പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രേയസ് വിശ്രമത്തിലായിരുന്നു. ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിൽ ഇടംപിടിച്ച ശ്രേയസിന് ശാരീരികക്ഷമത തെളിയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് വിജയ് ഹസാരെ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ലക്ഷ്യം.
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്‌സ് കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവിൽ നിന്ന് മാറ്റിയ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
Content highlights: Vijay Hazare Trophy: Shreyas Iyer set to play two matches for Mumbai