

ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങളുടെ വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് ബിസിസിഐ. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ബിസിസിഐ ബംഗ്ലാദേശിന്റെ ആവശ്യം തള്ളി രംഗത്തെത്തിയത്.
ലോകകപ്പ് ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ വേദിമാറ്റം അസാധ്യമാണെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. 'ആരുടെയെങ്കിലും ഇഷ്ടാനുസരണം മത്സരങ്ങൾ മാറ്റാൻ കഴിയില്ല. ലോജിസ്റ്റിക്സിൻ്റെ വലിയ പ്രശ്നങ്ങളുണ്ടാവും. എതിർ ടീമുകളെക്കുറിച്ച് ചിന്തിക്കുക. അവർ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ എന്നിവയെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും മൂന്ന് മത്സരങ്ങളുണ്ട്, ഒരു മത്സരം ശ്രീലങ്കയിലാണ്. ബ്രോഡ്കാസ്റ്റ് ക്രൂവിൻ്റെ കാര്യവും നോക്കണം. അതുകൊണ്ടുതന്നെ പറയുന്നതു പോലെ അത്ര എളുപ്പമായിരിക്കില്ല ഈ കാര്യങ്ങൾ', ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് ഉണ്ടാക്കിയ ധാരണ പ്രകാരം ലോകകപ്പിലെ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബംഗ്ലാദേശും വേദിമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിൻ്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പിൽ ബംഗ്ലാദേശിൻ്റെ ആദ്യ മത്സരം. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം ഫെബ്രുവരി 9ന് ഇറ്റലിയെയും ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് നേരിടും. ഈ മത്സരങ്ങളെല്ലാം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ്. ഫെബ്രുവരി 17ന് നേപ്പാളിനെതിരായ മത്സരത്തിൻ്റെ വേദി മുംബൈ വാംഖഡെ സ്റ്റേഡിയം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലെത്താൻ വിസമ്മതിച്ചാൽ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റേണ്ടിവരും.
Content highlights: BCCI Responds to Bangladesh’s Request to Shift T20 World Cup Matches from India