

ന്യൂ ഡൽഹി: നിതീഷ് കുമാർ നിഖാബ് താഴ്ത്തിയ യുവതിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. യുവതി ജോലി സ്വീകരിച്ചേക്കില്ല എന്ന വാർത്തയ്ക്ക് പ്രതികരിക്കുമ്പോഴായിരുന്നു ഗിരിരാജ് സിങിന്റെ അധിക്ഷേപ പരാമർശം ഉണ്ടായത്. 'ഒന്നില്ലെങ്കിൽ ജോലി സ്വീകരിക്കട്ടെ, അല്ലെങ്കിൽ വല്ല നരകത്തിലും പോകട്ടെ' എന്നായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്.
നിതീഷ് കുമാറിനെ പിന്തുണച്ചുകൊണ്ടാണ് ഗിരിരാജ് സിങ് സംസാരിച്ചത്. നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അപ്പോയിൻമെൻ്റ് ലെറ്റർ വാങ്ങാൻ പോകുമ്പോൾ മുഖം കാണിക്കണ്ടേ എന്നും സിങ് ചോദിച്ചു. ഇത് ഇസ്‌ലാമിക രാഷ്ട്രമല്ലെന്നും ഈ രാജ്യത്ത് ഒരു നിയമമുണ്ടെന്നും പറഞ്ഞ ശേഷമായിരുന്നു അധിക്ഷേപ പരാമർശം. 'ഒരാൾ പാസ്‌പോര്‍ട്ട് എടുക്കാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടി വരില്ലേ?, എയർപോർട്ടിൽ പോകുമ്പോൾ മുഖം കാണിക്കേണ്ടി വരില്ലേ?, ഇത് ഇന്ത്യയാണ്, പാകിസ്താനല്ല. ഇവിടെ ഒരു നിയമമുണ്ട്. അവർ വേണമെങ്കിൽ ജോലി സ്വീകരിക്കട്ടെ അല്ലെങ്കിൽ വല്ല നരകത്തിലും പോകട്ടെ'; എന്നായിരുന്നു ഗിരിരാജ് സിങിന്റെ അധിക്ഷേപ പരാമർശം.
ഗിരിരാജ് സിങിന്റെ ഈ പരാമർശത്തിനെതിരെ കോൺഗ്രസ് എംപി താരിഖ് അൻവർ രംഗത്തുവന്നു. ഗിരിരാജ് സിങിനെപ്പോലുള്ള മൂന്നാം കിടക്കാർക്ക് നമ്മുടേത് മതേതര രാജ്യമാണെന്ന് അറിവിലായിരിക്കുമെന്നും എല്ലാവർക്കും അവരവരുടെ മതം പിന്തുടരാൻ അവകാശം ഉണ്ടെന്നുമായിരുന്നു താരിഖ് അൻവറുടെ വിമർശനം. നിതീഷ് കുമാർ ചെയ്‌തത് നാണംകെട്ട പ്രവൃത്തിയാണ് എന്നും താരിഖ് വിമർശിച്ചു.
ഡിസംബർ 15നായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെട്ട നിഖാബ് വിവാദം ഉണ്ടായത്. ആയുഷ് സർട്ടിഫിക്കറ്റ് വിതരണത്തിനിടെയായിരുന്നു സംഭവം. സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന മുസ്‌ലിം യുവതിയുടെ നിഖാബ് നിതീഷ് കുമാർ വലിച്ചുമാറ്റുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിനെ തടയുന്നത് കാണാം. നിതീഷ് ആദ്യം യുവതിയോട് നിഖാബ് മാറ്റാൻ ആവശ്യപ്പെടുകയാണ്. യുവതി പ്രതികരിക്കുന്നതിന് മുൻപ് തന്നെ നിതീഷ് നിഖാബ് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി.
വിഷയത്തിൽ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ് രംഗത്തുവന്നിരുന്നു. 'നിതീഷ് കുമാർ മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിലോ' എന്നായിരുന്നു സഞ്ജയ് നിഷാദിന്റെ പരാമർശം. 'ആളുകൾ വെറുതെ പ്രശ്നമുണ്ടാക്കരുത്. അദ്ദേഹവും ഒരു മനുഷ്യനാണ്. നിഖാബിൽ തൊട്ടതിന് വെറുതെ അയാളെ വേട്ടയാടരുത്. അദ്ദേഹം മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിൽ എന്താണ് സംഭവിക്കുക' എന്നായിരുന്നു സഞ്ജയ് നിഷാദ് പറഞ്ഞത്. പരാമർശം വിവാദമായതോടെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ വന്നിരുന്നു. പിന്നാലെ സഞ്ജയ് നിഷാദ് വിശദീകരണവുമായി എത്തിയിരുന്നു. താൻ പറഞ്ഞ പശ്ചാത്തലവും സാഹചര്യവും വേറെയായിരുന്നുവെന്നും പൂർവാഞ്ചലിൽ ഇത്തരം പ്രയോഗങ്ങൾ സാധാരണമാണ് എന്നുമായിരുന്നു സഞ്ജയ്‌യുടെ വിശദീകരണം.
Content Highlights: giriraj singh against muslim women at niqab row including nitish kumar