

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞ രാഷ്ട്രീയ ബോംബ് നാളെ പൊട്ടും. വിവാദമായ എപ്സ്റ്റീന്‍ ഫയല്‍സ് നാളെ യുഎസ് പുറത്തുവിടുന്നതിനെ ബന്ധപ്പെടുത്തിയാണ് പൃഥ്വിരാജ് ചവാന്‍ സൂചിപ്പിച്ചത്. എപ്‌സ്റ്റീന്‍ ഫയല്‍സ് പുറത്തുവന്നാല്‍ മഹാരാഷ്ടക്കാരന്‍ പ്രധാനമന്ത്രിയാകുന്നതിനാല്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്നാണ് ചവാന്റെ എക്‌സ് പോസ്റ്റ്. മഹാരാഷ്ട്ര കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും ടാഗ് ചെയ്തായിരുന്നു ചവാന്റെ പോസ്റ്റ്.
തുടര്‍ന്ന് പിംപ്രി- ചിഞ്ച്‌വാഡില്‍ നടന്ന പൊതുചടങ്ങിനിടെ ചവാന്‍ താന്‍ പറഞ്ഞതില്‍ വിശദീകരണവുമായി രംഗത്തെത്തി. 'രാജ്യാന്തര തലത്തില്‍ നിരവധി മാറ്റങ്ങളുണ്ടാകുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു എന്റെ പോസ്റ്റ്. എന്താണ് ഉദ്ദേശിച്ചതെന്ന് ചോദിച്ച് പലരും എന്നെ വിളിച്ചു. എന്റെ പോസ്റ്റ് സാങ്കല്‍പ്പിക രാഷ്ട്രീയ സാധ്യതയെ മുന്‍നിര്‍ത്തിയാണ്. മഹാരാഷ്ട്രയില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകുകയാണെങ്കില്‍ നിലവിലെ പ്രധാനമന്ത്രിക്ക് ആ സ്ഥാനം ഒഴിയേണ്ടിവരും. ഒരു മാറ്റത്തിനുളള സാധ്യതയെ അടിവരയിടുക മാത്രമാണ് ഞാന്‍ ചെയ്തത്' എന്നാണ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞത്.
ഡിസംബര്‍ 19-ന് അമേരിക്ക പുറത്തുവിടാനൊരുങ്ങുന്ന എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെടുത്തിയാണ് ഞാന്‍ സംസാരിച്ചത്. ആഗോള പ്രത്യാഘാതങ്ങളുണ്ടാകും. അതില്‍ വലിയ നേതാക്കളെക്കുറിച്ചുളള സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളുണ്ട്. ചിത്രങ്ങളുമായി ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോക നേതാക്കളായ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും വിവരങ്ങളുണ്ട്. ഡാറ്റ പുറത്തുവരുന്നത് നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തെയും ബാധിച്ചേക്കാം എന്നതിന്റെ യുക്തി ഇതാണ്. ഈ സാഹചര്യത്തില്‍ വലിയ സംഭവങ്ങള്‍ നടക്കാം എന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്റ് ആക്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കുകയും കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിടുകയും ചെയ്തതോടെ നിയമമായി. നാളെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫയലിലെ വിവരങ്ങള്‍ പുറത്തുവിടും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്‌സ്‌റ്റൈന്‍. ഇയാളുമായി ബന്ധപ്പെട്ട ഫയലുകളാണ് എപ്സ്റ്റീൻ ഫയലിലുളളത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാല്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായിരുന്ന എപ്‌സ്‌റ്റൈന്‍ 1970കളില്‍ ജോലി ഉപേക്ഷിച്ച് ഇന്‍വെസ്റ്റര്‍ ബാങ്കായ ബെയര്‍ എസ്റ്റേണില്‍ ചേര്‍ന്നു. പിന്നീട് സ്വന്തമായി ജെ എപ്‌സ്‌റ്റൈന്‍ ആന്‍ഡ് കോ എന്ന സ്ഥാപനം ആരംഭിച്ചു. ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ഇയാളുടെ നിശാ പാര്‍ട്ടികളില്‍ സഹകരിച്ചിട്ടുണ്ട്. ഇത് ആയുധമാക്കി ഡെമോക്രാറ്റിക്ക് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെയാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ എപ്‌സ് റ്റൈന്‍ നേരിട്ടിരുന്നു. 2008ല്‍ ഈ ആരോപണം എപ്‌സ്‌റ്റൈന്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് 18 മാസത്തെ തടവുശിക്ഷ ലഭിച്ച എപ്‌സ്‌റ്റൈനെ 2019 ജൂലായില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Content Highlights: Prithviraj Chavan says india will get new pm; Epstein files will be released tomorrow