

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത മൂന്ന് സ്ഥലങ്ങളുടെ സാധ്യതാ പഠനത്തിനായി ടെന്‍ഡറുകള്‍ ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചതോടെയാണ് രണ്ടാമതൊരു വിമാനത്താവളമെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.
കനകപുര റോഡിനടുത്തുള്ള രണ്ട് സ്ഥലങ്ങളും തുംകൂര്‍ റോഡിലെ ഒരു സ്ഥലവുമാണ് വിമാനത്താവളത്തിനായി കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഐഡിസി) ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഈ സ്ഥലങ്ങളുടെ വിശദമായ പഠനം നടത്താനായി കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നടത്തിയ പ്രാഥമിക പഠനത്തിന് ശേഷം വിശദമായ പഠനം നടത്താനാണ് നീക്കം. സ്വന്തം തട്ടകമായ കനകപുര റോഡിലെ പ്രദേശത്തിനാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുൻഗണന നൽകിയത്. എന്നാൽ തുംകൂർ റോഡിലെ നെലമംഗല ഭാഗം അനുയോജ്യമാണെന്നായിരുന്നു ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ അഭിപ്രായം.
ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്ഥലങ്ങള്‍ക്ക് പുറമെ മറ്റൊരു സ്ഥലവും സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്നും നിലവില്‍ തങ്ങളുടെ മനസ്സില്‍ മറ്റൊരു സ്ഥലവുമില്ലെന്നും വ്യവസായ വകുപ്പ് മന്ത്രി എംബി പട്ടീല്‍ പ്രതികരിച്ചു. സാധ്യതാ പഠന റിപ്പോര്‍ട്ട് പരിണിച്ചായിരിക്കും വിമാനത്താവളത്തിനായുള്ള അന്തിമ സ്ഥലം തീരുമാനിക്കുക.

മഴയുടെ രീതി, മണ്ണിന്റെ സ്വഭാവം, ഭൂപ്രകൃതി ഉള്‍പ്പെടെ ഭൗതിക സവിശേഷതകള്‍ സംബന്ധിച്ച് സമഗ്രമായ വിശകലനം നടത്തും. വൈദ്യുതി, വെള്ളം, എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും പഠിക്കും. ഇതിനു പുറമെ, ബെംഗളൂരുവിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരവും ഓരോ സ്ഥലത്തിന് ചുറ്റുമുള്ള ജനസംഖ്യയും വികസനവും വിശകലനം ചെയ്യും. വിമാനത്താവളം സ്ഥാപിക്കുന്നതിന് ആവശ്യമായ നിയമപരമായ അനുമതി നേടുന്നതും കണ്‍സള്‍ട്ടന്റിന്റെ ഉത്തരവാദിത്തമായിരിക്കും.
നിലവിലുള്ള വിമാനത്താവളങ്ങളുമായി വ്യോമഗതാഗതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമോ എന്നും പഠനത്തില്‍ വിലയിരുത്തും. പുതിയ വിമാനത്താവളം വിനോദസഞ്ചാര മേഖലയില്‍ വരുത്താവുന്ന സ്വാധീനവും പഠിക്കണം. ഭാവിയില്‍ യാത്രക്കാര്‍ എത്രത്തോളം ഈ വിമാനത്താവളത്തെ ആശ്രയിക്കുമെന്നതും പഠനവിധേയമാക്കും.
ഏത് പ്രദേശത്ത് സ്ഥാപിച്ചാലാണ് കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമാകുക എന്നതായിരിക്കും പഠനം. ചരക്കുനീക്കങ്ങള്‍ക്ക് ഈ വിമാനത്താവളം എത്രത്തോളം ഉപയോഗിക്കപ്പെടുമെന്ന പഠനവും അടുത്ത 35 വര്‍ഷത്തേക്കുള്ള യാത്രാ-ചരക്ക് ഗതാഗതത്തിന്റെ കണക്കുകളും പഠനത്തില്‍ ഉള്‍പ്പെടുത്തും. അതേസമയം, രണ്ടാമത്തെ വിമാനത്താവളത്തിന്റെ സ്ഥാനം സംബന്ധിച്ച് സർക്കാരിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.വിശദമായ പഠനത്തിന് ശേഷമാകും സ്ഥലം തീരുമാനിക്കുക.
Content Highlights: Tenders floated for feasibility study of sites for Bengaluru 2nd airport