കനത്ത മൂടൽമഞ്ഞ്, കാഴ്ച മറഞ്ഞതോടെ കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞു; അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം

മൂടൽമഞ്ഞിനെ തുടർന്ന് അപകടങ്ങൾ വ്യാപകമാകുകയാണ്

കനത്ത മൂടൽമഞ്ഞ്, കാഴ്ച മറഞ്ഞതോടെ കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞു; അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം
dot image

ചണ്ഡിഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അധ്യാപകര്‍ക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരും മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറിയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയുമായിരുന്നു. ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും. ജാസ് കരണ്‍ ഇംഗ്ലീഷ് അധ്യാപകനാണ്.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അപകടങ്ങള്‍ തുടര്‍കഥയാകുകയാണ്. ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാല്‍പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ട്രക്കുകളും കാറുകളുമായിരുന്നു അപകടത്തില്‍പ്പെട്ടത്. രോഹ്തക്കിലായിരുന്നു സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡല്‍ഹിയിലും മൂടല്‍മഞ്ഞ് ആളുകളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വായുഗുണനിലവാര സൂചിക 400ന് മുകളിലാണ്. ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളുകളില്‍ പഠനം ഹൈബ്രിഡ് രീതിയിലേക്ക് മാറ്റാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. സാഹചര്യം അനുകൂലമെങ്കില്‍ മാത്രം ഓഫ്‌ലൈന്‍ ക്ലാസുകള്‍ മതിയെന്നും നിര്‍ദേശമുണ്ട്. അഭിഭാഷകരോട് ഓണ്‍ലൈനായി ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights- Teacher couple die as car fall into a canal in punjab moga district

dot image
To advertise here,contact us
dot image