

മസ്‌ക്കറ്റ്: ഒമാനിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. 23 കോടിയിലേറെ രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ജ്വല്ലറിയില്‍ സൂക്ഷിച്ച പണവും അപഹരിച്ചു. സംഭവത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടൂറിസ്റ്റ് വിസയില്‍ എത്തിയാണ് ഇരുവരും കവര്‍ച്ച നടത്തിയത്. മസ്‌ക്കറ്റിലെ ഗുബ്‌റ പ്രദേശത്തെ ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപമുള്ള ഹോട്ടലില്‍ തങ്ങിയാണ് ഇരുവരും കവര്‍ച്ച ആസൂത്രണം ചെയ്തത്.
പുലര്‍ച്ചെ നാല് മണിയോടെ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തകര്‍ത്താണ് പ്രതികള്‍ അകത്ത് കടന്ന് മോഷണം നടത്തിയത്. കവര്‍ച്ച നടന്നെന്ന് മനസിലായതിന് പിന്നാലെ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്. സിഫ ഏരിയയിലെ ഒരു ബീച്ചില്‍ ഒളിപ്പിച്ചുവെച്ച മോഷണവസ്തുക്കളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വിനോദ സഞ്ചാരത്തിന്റെ മറവില്‍ വാടകയ്‌ക്കെടുത്ത ബോട്ട് ഉപയോഗിച്ചാണ് മോഷണമുതലുകള്‍ ഒളിപ്പിച്ചു വെച്ച സ്ഥലത്തേക്ക് പ്രതികള്‍ കൊണ്ടുപോയത്. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Content Highlights: Gold worth Rs 23 crore stolen in Oman European nationals arrested