'ഫോര്‍ ദി പീപ്പിളി'ലെ നായകന്മാരില്‍ ഒരാളായി കാസ്റ്റ് ചെയ്തു, അല്ല എന്നറിഞ്ഞപ്പോൾ നിരാശനായി; നരേൻ

ഞാൻ പൊലീസ് വേഷം ചെയ്യുന്നതിൽ പലർക്കും കോൺഫിഡൻസ് ഇല്ലെന്ന് പറഞ്ഞത് കൊണ്ട് എന്നെ വീണ്ടും സ്ക്രീൻ ടെസ്റ്റ് ചെയ്യിപ്പിച്ചിരുന്നു

'ഫോര്‍ ദി പീപ്പിളി'ലെ നായകന്മാരില്‍ ഒരാളായി കാസ്റ്റ് ചെയ്തു, അല്ല എന്നറിഞ്ഞപ്പോൾ നിരാശനായി; നരേൻ
dot image

2004-ൽ ജയരാജ് സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ഫോര്‍ ദി പീപ്പിൾ. അരുൺ, ഭരത് , പദ്മകുമാർ, അർജുൻ ബോസ് തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തിയ സിനിമയിൽ നരേൻ പൊലീസ് വേഷമാണ് ചെയ്തിരുന്നത്. നാല് നായകരിൽ ഒരാളായി ആയിരുന്നു തന്നെ ആദ്യം കാസറ്റ് ചെയ്തിരുന്നതെന്ന് പറയുകയാണ് നരേൻ. പിന്നീട് പൊലീസ് വേഷം ആണെന്ന് അറിഞ്ഞപ്പോൾ നിരാശ തോന്നിയെന്നും എന്നാൽ താൻ പൊലീസ് വേഷം ചെയ്യുന്നതിൽ മറ്റുപലർക്കും കോൺഫിഡൻസ് ഇല്ലെന്ന് പറഞ്ഞത് കൊണ്ട് വീണ്ടും സ്ക്രീൻ ടെസ്റ്റ് നടത്തിയതായും നരേൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഫോർ ദി പീപ്പിൾ ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ട് മാസം മുന്നേ എന്നെ വിളിച്ചു. 'ഫോര്‍ ദി പീപ്പിളിലെ നാല് നായകന്‍മാരില്‍ ഒരാളായാണ് എന്നെ കാസ്റ്റ് ചെയ്തത്. ഒരു കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിക്കാമെന്ന് വിചാരിച്ച് വളരെ ഹാപ്പിയായാണ് വേറൊരു സിനിമയുടെ ഷൂട്ടിങ്ങില്‍ നിന്ന് ഞാന്‍ വന്നത്. ആ സെറ്റിൽ നിന്ന് അഭിനയിക്കാൻ പോകുകയാണെന്ന് പറഞ്ഞ് അനുഗ്രഹം വാങ്ങിയാണ് ഞാൻ വന്നത്. വെയിൽ കൊണ്ട് നടന്നത് കൊണ്ട് റൂമിൽ ചെന്ന് മീശയൊക്കെ വടിച്ചാണ് ഞാൻ പോയത്.

സെറ്റില്‍ എത്തിയ ഉടനെ ജയരാജ് സാര്‍ ‘ നിന്റെ മീശ എവിടെ’ എന്നാണ് ചോദിച്ചത്. കോളേജ് സ്റ്റുഡന്റ് അല്ലേ എന്തിനാണ് മീശ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നെയാണ് പൊലീസ് ആയിട്ടാണ് കാസ്റ്റ് ചെയ്തതെന്ന് അറിയുന്നത്. ‘ നിങ്ങള്‍ കമ്മീഷണര്‍ ഓഫ് പൊലീസ്’ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഉടനെ ബാഗെടുത്തു. മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ ഇടക്ക് വെച്ചാണ് ഞാന്‍ വന്നതെന്ന് പറഞ്ഞു. നായകന്‍മാര്‍ നാല് പേരില്‍ ഒരാളെന്ന് പറഞ്ഞ് പിന്നെ പൊലീസ് റോള്‍ ആണ് ചെയ്യേണ്ടത് അറിഞ്ഞപ്പോള്‍ വിഷമം വന്നു. ആ വേഷം പ്രധാനപ്പെട്ടതാണെന്ന് ജയരാജ് പറഞ്ഞു. തന്റെ പ്രായം ആ റോളിന് പ്രശ്‌നമാണെന്ന് ജയരാജിനോട് പറഞ്ഞപ്പോള്‍ കമ്മീഷണര്‍ പൊലീസ് വേണ്ട എസ്.പി ആയാല്‍ മതിയെന്ന് പറഞ്ഞു.

ആ സിനിമയ്ക്ക് വേണ്ടി മുടി വെട്ടി കണ്ണാടിയിൽ നോക്കിയപ്പോൾ തനിക്ക് തന്നെ ഒരു ഇഷ്ടം തോന്നിയെന്നും നരേൻ കൂട്ടിച്ചേർത്തു. സിനിമയിലെ നായകരെ കണ്ടപ്പോൾ അവരെല്ലാം ആറടി പൊക്കമുണ്ട്. എന്താ ക്യാരക്ടർ എന്ന് അവർ എന്നോട് ചോദിച്ചു. ഞാൻ പൊലീസ് ആണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ആണോ ഞങ്ങളെ പിടിക്കാൻ വരുന്നതെന്ന് അവർ ചോദിച്ചു. ഞാൻ പൊലീസ് വേഷം ചെയ്യുന്നതിൽ പലർക്കും കോൺഫിഡൻസ് ഇല്ലെന്ന് പറഞ്ഞത് കൊണ്ട് എന്നെ വീണ്ടും സ്ക്രീൻ ടെസ്റ്റ് ചെയ്യിപ്പിച്ചിരുന്നു,' നരേൻ പറഞ്ഞു.

Content Highlights: Narain shares his experience filming For the People

dot image
To advertise here,contact us
dot image