

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 യിലും സഞ്ജു സാംസണിന് ഇലവനിൽ അവസരം ലഭിച്ചില്ല. ഓപണിംഗിൽ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പിംഗിൽ ജിതേഷ് ശർമയുമാണ് ഇറങ്ങിയത്. വൈസ് ക്യാപ്റ്റൻ കൂടിയായ ഗില്ലിനാകട്ടെ രണ്ടക്കം കടക്കാനായി എന്നതാണ് ഏക ആശ്വാസം. ക്യാപ്റ്റൻ സൂര്യകുമാർ വീണ്ടും നിരാശപ്പെടുത്തി.
ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തുന്നുവെങ്കിലും ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി അവസരം നല്‍കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. അതേ സമയത്തെ അവസാന രണ്ട് മത്സരങ്ങളിൽ കൂടി ഗില്ലിന് ഫോമിലാവാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കുകയെന്ന തീരുമാനം എടുക്കണമെന്നും അശ്വിന്‍ പറഞ്ഞു.
ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഓപ്പണറായി തിരിച്ചെത്തിയ ശുഭ്മാൻ ഗില്‍ 24.25 ശരാശരിയിലും 137.26 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സാണ് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായില്ല. അതേസമയം ഓപ്പണറായി മൂന്ന് സെഞ്ചുറി അടിച്ച മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ഗില്ലിന് ഓപ്പണറായി അവസരം നല്‍കിയത്. ഓപ്പണർ സ്ഥാനം ഒഴിവാക്കി ഗില്ലിന് മധ്യനിരയിൽ അവസരം നൽകിയെങ്കിലും പിന്നീട് അതും നഷ്ടമായി. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ വിജയം നേടി ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സന്ദർശകർ വിജയം സ്വന്തമാക്കി.
25 പന്ത് ബാക്കി നിർത്തി ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്നലെ ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 117 റൺസിന് ഓൾഔട്ടായപ്പോൾ 15.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ബൗളർമാരുടെ മികച്ച പ്രകടനവും 18 പന്തിൽ 35 നേടി അഭിഷേക് ശർമ നടത്തിയ കിടിലൻ വെടിക്കെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.
Content highlights: r ashwin about sanju samson and gill opening role