കോൺഗ്രസിനെതിരെ നിരന്തര വിമർശനം; ഇപ്പോൾ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച; പ്രശാന്ത് കിഷോറിന്റെ നീക്കമെന്ത്?

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കൂടിക്കാഴ്ച

കോൺഗ്രസിനെതിരെ നിരന്തര വിമർശനം; ഇപ്പോൾ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച; പ്രശാന്ത് കിഷോറിന്റെ നീക്കമെന്ത്?
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പ്രിയങ്ക ഗാന്ധി എംപിയുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍. ഡല്‍ഹിയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും കോണ്‍ഗ്രസും തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു കണ്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കൂടിക്കാഴ്ച. പ്രശാന്ത്-പ്രിയങ്ക കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പ്രത്യേക രാഷ്ട്രീയമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ജനവിധി തേടിയ പ്രശാന്ത് കിഷോറിനും പാര്‍ട്ടിക്കും ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. മാത്രവുമല്ല, മത്സരിച്ച 238 സ്ഥാനാര്‍ത്ഥികളില്‍ 236 പേര്‍ക്കും കെട്ടിവെച്ച തുക നഷ്ടമാകുകയും ചെയ്തിരുന്നു. സമാനമായിരുന്നു കോണ്‍ഗ്രസിന്റെയും അവസ്ഥ. മത്സരിച്ച 61 സീറ്റുകളില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. 2020 ലെ തെരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് കോണ്‍ഗ്രസ് കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. ജന്‍ സുരാജിന് നില മെച്ചപ്പെടുത്തേണ്ടതുണ്ട്. സമാനമാണ് കോണ്‍ഗ്രസിന്റെയും സാഹചര്യം. അസം, പശ്ചാമബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ജനവിധിയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തുടര്‍ക്കഥയാകരുതെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും നില മെച്ചപ്പെടുത്തേണ്ടതുണ്ട്. വോട്ട് ചോരിയടക്കമുള്ള വിഷയങ്ങള്‍ അത്ര പ്രാധാന്യത്തോടെ ജനങ്ങളിലേക്ക് എത്തണം. ഇതിന് കൃത്യമായ തന്ത്രങ്ങള്‍ മെനയണം. അതുകൂടി മുന്നില്‍ കണ്ടാണ് പ്രശാന്ത് കിഷോറുമായുള്ള പ്രിയങ്കയുടെ കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. ഒറ്റയ്ക്ക് നിന്നപ്പോഴുണ്ടായ കനത്ത തിരിച്ചടിയില്‍ നിന്നുണ്ടായ പാഠം പ്രശാന്ത് കിഷോര്‍ ഇതിനോടകം ഉള്‍ക്കൊണ്ടുവെന്നും അതുകൊണ്ടുതന്നെയാണ്, കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയങ്കയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറായതെന്നാണ് വിലയിരുത്തൽ.

2021ല്‍ ജെഡിയുവിട്ട ശേഷമാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി അടുക്കുന്നത്. കോണ്‍ഗ്രസിനെ പുനരുജ്ജീപ്പിക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളുമായി അദ്ദേഹം നേതാക്കളെ സമീപിക്കുകയായിരുന്നു. പ്രശാന്തുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി ശാക്തീകരണത്തിനായി എട്ടംഗ സമിതിയുണ്ടാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചു. പ്രശാന്ത് അതില്‍ അംഗമായിരിക്കണമെന്ന തീരുമാനവുമുണ്ടായി. പ്രശാന്തിനുള്ള ഉത്തരവാദിത്തം എന്തൊക്കെയായിരിക്കുമെന്ന് കൃത്യമായി നിര്‍വചിക്കുമെന്നും പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ ഒറ്റയാള്‍ റോള്‍ ആഗ്രഹിച്ചിരുന്ന പ്രശാന്ത് കിഷോര്‍, പാര്‍ട്ടിയില്‍ ചേരാനുള്ള സോണിയ ഗാന്ധിയുടെ ക്ഷണം തള്ളി. അവിടെ നിന്നിറങ്ങിയാണ് പ്രശാന്ത് കിഷോര്‍ ജന്‍ സുരാജ് പാര്‍ട്ടി രൂപീകരിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ പ്രശാന്ത് കിഷോര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനേയും രാഹുലിനെയും ഉന്നംവെച്ചിരുന്നു. ബിഹാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആര്‍ജെഡിയുടെ അനുയായി മാത്രമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു ഘടകമല്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ബിഹാറിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അവഗണിച്ചു എന്നായിരുന്നു രാഹുലിനെതിരെ പ്രശാന്ത് കിഷോര്‍ ഉന്നയിച്ച ആരോപണം. രാഹുലിനെ ആരും ഗൗരവത്തിലെടുക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. പ്രശാന്ത് കിഷോറിന് മറുപടിയുമായി ഒരുഘട്ടത്തില്‍ രാഹുലും രംഗത്തെത്തിയിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയം വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് തള്ളി ജന്‍ സുരാജ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഉദയ് സിംഗ് രംഗത്തെത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തില്‍ തുടരുമെന്നായിരുന്നു ഉദയ് സിംഗ് പറഞ്ഞത്.

Content Highlights- Jan suraj party leader Prashant kishore met priyanka gandhi in delhi over bihar election result

dot image
To advertise here,contact us
dot image