നാല് ജില്ലകളിൽ സമ​ഗ്രാധിപത്യം, കണ്ണൂരിൽ ഒപ്പം പിടിച്ചു, കോഴിക്കോട് മേൽക്കൈ: 2026ൽ യുഡിഎഫിന് ഭരണപ്രതീക്ഷ

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പരിശോധിക്കുമ്പോൾ നാല് ജില്ലകളിൽ യുഡിഎഫിൻ്റെ സമ​ഗ്രാധിപത്യമാണ്

നാല് ജില്ലകളിൽ സമ​ഗ്രാധിപത്യം, കണ്ണൂരിൽ ഒപ്പം പിടിച്ചു, കോഴിക്കോട് മേൽക്കൈ: 2026ൽ യുഡിഎഫിന് ഭരണപ്രതീക്ഷ
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ അപ്രതീക്ഷിത മുന്നേറ്റം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. ​ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻപ്പിലാറ്റി, കോർപ്പറേഷൻ മേഖലകളിലും വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുനിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 80ഓളം നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നിലയിൽ മുന്നിലെത്താൻ യുഡിഎഫിന് സാധിച്ചിരുന്നു. മൂന്നാമൂഴം ലക്ഷ്യം വെയ്ക്കുന്ന എൽഡിഎഫിന് 58 സീറ്റുകളിലാണ് ലീഡുള്ളത്. എൻഡിഎ രണ്ടിടത്തും മുന്നിലെത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പരിശോധിക്കുമ്പോൾ നാല് ജില്ലകളിൽ യുഡിഎഫിൻ്റെ സമ​ഗ്രാധിപത്യമാണ്. വയനാട്, മലപ്പുറം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യുഡിഎഫിന് സമ​ഗ്രാധിപത്യമുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മാനന്തവാടി മണ്ഡലത്തിൽ എൽഡിഎഫ് വിജയിച്ചപ്പോൾ മറ്റ് രണ്ട് മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം. മലപ്പറത്ത് ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളിൽ 2021ല്‍ 12 ഇടത്ത് യുഡിഎഫും നാലിടത്ത് എൽഡിഎഫുമായിരുന്നു വിജയിച്ചത്. പി വി അൻവർ രാജിവെച്ചതിനെ തുടർന്ന് നിലമ്പൂരിൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയിൽ 10 ഇടത്ത് യുഡിഎഫിനും നാലിടത്ത് എൽഡിഎഫിനുമായിരുന്നു വിജയം. നിലനിൽ പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിൻ്റെ സമ​ഗ്രാധിപത്യമാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിൻ്റെ കൈവശമാണ്.

തദ്ദേശ കണക്കുകൾ പ്രകാരം ആറ് ജില്ലകളിൽ നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ എൽഡിഎഫിന് മുൻതൂക്കമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂ‍ർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എൽഡിഎഫിന് യുഡിഎഫിനേക്കാൾ മുൻതൂക്കമുള്ളത്. ഇതിൽ തിരുവനന്തപുരത്തും തൃശ്ശൂരിലും രണ്ട് വീതം സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡില്ലാത്തത്. ഇതിൽ തിരുവനന്തപുരം ജില്ലയിൽ രണ്ട് സീറ്റുകളിൽ എൻഡ‍ിഎ ആണ് മുന്നിലുള്ളത്. കണ്ണൂരിൽ സീറ്റ് നിലയിൽ ലീഡുണ്ടെങ്കിലും ശക്തമായ മേൽക്കൈ പക്ഷെ എൽഡിഎഫിന് അവകാശപ്പെടാൻ സാധിക്കില്ല. കണ്ണൂരിൽ ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ ആറെണ്ണത്തിൽ എൽഡിഎഫും അഞ്ചെണ്ണത്തിൽ എൽഡിഎഫുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിൻ്റെ അടിസ്ഥാനത്തിൽ മുന്നിൽ. എൽഡിഎഫിൻ്റെ കോട്ടയായി കണക്കാക്കുന്ന കോഴിക്കോ‍ട് ജില്ലയിൽ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 10 നിയമസഭാ സീറ്റുകളിൽ യുഡിഎഫിന് ലീഡുള്ളപ്പോൾ മൂന്നിടത്ത് മാത്രമാണ് എൽഡിഎഫിന് മുന്നിലെത്താൻ സാധിച്ചത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 99 സീറ്റുകളിൽ വിജയിച്ചിരുന്നു. യുഡിഎഫ് 41 മണ്ഡലങ്ങളിലാണ് വിജയിച്ചത്. എൻഡിഎയ്ക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമാകുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ യുഡിഎഫ് വിജയിച്ചിരുന്നു. ഇതിൽ ഇടതുപക്ഷത്തിൻ്റെ സിറ്റിം​ഗ് സീറ്റായിരുന്ന നിലമ്പൂർ യുഡിഎഫ് സ്വന്തമാക്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് മികച്ച വിജയം നേടിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സർ എന്ന് കണക്കാക്കാവുന്ന തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പഞ്ചായത്ത് പ്രദേശങ്ങളിലും യുഡിഎഫ് കടന്ന കയറുന്ന ചിത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കാണാൻ സാധിച്ചത്. അതിനാൽ തന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചൂണ്ട് പലകയാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

Content Highlights: Kerala Local Body Election Results 2025 UDF Gain Total Control in Four Districts

dot image
To advertise here,contact us
dot image