

ന്യൂഡൽഹി: കർണാടകയിലെ അധികാര തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡൽഹിയിലേക്ക് വിളിപ്പിച്ചു. അതേസമയം ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി എംഎൽഎ ഇഖ്ബാൽ ഹുസൈൻ രംഗത്തെത്തി. ഇരുന്നൂറു ശതമാനവും മുഖ്യമന്ത്രി കസേര ഡികെയ്ക്ക് ഉറപ്പാണെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. അണികൾ പൂജ നടത്തിയും തേങ്ങ ഉടച്ചുമാണ് ഡികെയുടെ മുഖ്യമന്ത്രി പദത്തിനായി പ്രാർഥിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ 1001 തേങ്ങയാണ് ഘടി സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ ഡികെയ്ക്കായി ഉടച്ചത്. അതേസമയം മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കമാൻഡ് ഒരുമിച്ച് ഒരു ടീമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് മല്ലികാർജുൻ ഖാർഗെ ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്.
ഇതിനിടയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വര ഡി കെ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി അംഗീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രസ്താവന.
നിലവിൽ മുഖ്യമന്ത്രി പദത്തിനായി വലിയ സമ്മർദമാണ് ഡി കെ ശിവകുമാർ ചെലുത്തുന്നത്. സമ്മർദം വിജയിക്കുന്ന സാഹചര്യമാണ് നിലവിലെ സംഭവവികാസങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതോടെ സിദ്ധരാമയ്യ പക്ഷം നിലപാട് കടുപ്പിക്കുകയും തർക്കം രൂക്ഷമായ നിലയിലേക്ക് പോകുകയുമാണ്. സിദ്ധരാമയ്യയ്‌ക്കൊപ്പം കൂടുതൽ എംഎൽഎമാർ നിലയുറപ്പിച്ച സാഹചര്യത്തിൽ സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ശിവകുമാറിന്റെ ആവശ്യത്തിൽ ആദ്യം ഹൈക്കമാൻഡ് മൗനം പാലിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിനെ നയിച്ചതും കോൺഗ്രസിന്റെ മുഖമായതും ഡി കെ ശിവകുമാറാണ്. എന്നാൽ എംഎൽഎമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണ് ഉണ്ടായത്. രാഹുൽ ഗാന്ധിക്ക് ഡി കെ ശിവകുമാറിനോടാണ് താത്പര്യമെന്ന കാര്യം സിദ്ധരാമയ്യ പക്ഷത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാമെന്ന ബിജെപിയുടെ വാദത്തെ ഡി കെ ശിവകുമാർ തള്ളിയിട്ടുണ്ട്. ബിജെപി മുതിർന്ന നേതാവ് സദാനന്ദ ഗൗഡ നേരിട്ടെത്തി ഡി കെ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെണിയിൽ വീഴാൻ താൻ തയ്യാറല്ലെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. പിന്തുണ തള്ളിയതായി പരസ്യമായി പ്രഖ്യാപിച്ച ശിവകുമാർ ബിജെപിയും ജനതാദളും തന്റെ കാര്യമോർത്ത് വിഷമിക്കേണ്ടെന്നും സ്വന്തം കാര്യം പരിഹരിച്ചാൽ മതിയെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
Content Highlights: Chief Minister post scuffle in Karnataka updates