

1989 മുതൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ പരമോന്നത നേതാവായി സേവനമനുഷ്ഠിക്കുന്ന ആളാണ് ആയത്തുള്ള അലി ഖമനയി. ഇറാൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ പരമോന്നത നേതാവാണ് അലി ഖമനയി. പുരോഹിതനും രാഷ്ട്രീയക്കാരനുമാണ് ഖമനയി തന്നെയാണ് ഇറാൻ്റെ രാഷ്ട്രീയ-സൈനിക-നയതന്ത്ര തീരുമാനങ്ങളിലെ അവസാന വാക്ക്. അതിനാൽ തന്നെ ഇറാൻ്റെ നിഴൽ സംഘടനകളെന്ന് ഇസ്രയേലും അമേരിക്കയും പാശ്ചാത്യലോകവും വിശേഷിപ്പിക്കുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതി അടക്കമുള്ള സായുധസംഘടകളെ കർട്ടന് പിന്നിലിരുന്ന് നിയന്ത്രിക്കുന്നതും ഖമനയി ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സംഘടനകൾക്ക് ഇറാൻ കൊടുക്കുന്ന പിന്തുണയും സഹായങ്ങളും ഇസ്രയേലിനെ സംബന്ധിച്ച് കാലങ്ങളായിട്ടുള്ള തലവേദനയാണ്. അതിനാൽ തന്നെ ഖമനയിയെ ഇല്ലാതാക്കുക എന്നത് ഇസ്രയേലിൻ്റെ ദീർഘകാലമായുള്ള ലക്ഷ്യങ്ങളിൽ പ്രധാനമാണ്.

ഇറാൻ ഒരു ഇസ്ലാമിക ഭരണകൂടമായി നിലനിൽക്കുന്നതിന്റെ പിന്നിലെ ആജ്ഞാശക്തി ഖമനയി തന്നെയാണ്. ഒരേ സമയം ഇറാൻ്റെ സൈന്യത്തെയും രാഷ്ട്രീയ നേതൃത്വത്തെയും നിയന്ത്രിക്കുന്നത് ഖമനയി ആണ്. ഖമനയിയെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തിയ നീക്കങ്ങളുടെ വിവരങ്ങളാണ് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ശത്രുക്കൾ പരമോന്നത നേതാവിനെ ലക്ഷ്യം വയ്ക്കാൻ ശ്രമിക്കുന്നു, വധശ്രമമങ്ങളും ആക്രമണങ്ങളും ആണ് ഇതിനായി പ്രയോഗിക്കുക എന്ന് മനസിലാകുന്നു എന്ന് ഇറാൻ്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് മുന്നറിയിപ്പ് നൽകിയതായി ഇറാൻ്റെ ദേശീയ വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്യുന്നു.
ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെക്കുറിച്ചാണോ ഈ പരാമർശമെന്ന് വ്യക്തമല്ല. എന്നാൽ വിദേശ ഗൂഢാലോചനകൾ പരമോന്നത നേതാവിന് നേരെ പലപ്പോഴും നടക്കുന്നുണ്ട് എന്ന് തന്നെയാണ് ഇറാനിയൻ ഉദ്യോഗസ്ഥരുടെ ആരോപണം. കഴിഞ്ഞ ജൂണിൽ ഇസ്രായേലും ഇറാനും തമ്മിൽ 12 ദിവസത്തെ സംഘർഷം നടക്കുന്നതിനു മുൻപ് ഇങ്ങനെയുള്ള വധശ്രമങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അതിനു ശേഷം ഖമനയിയുടെ ജീവന് നേരെയുള്ള ഭീഷണി വർധിച്ചിരിക്കുകയാണ് എന്നാണ് ഇറാന്റെ വാദം. ഇസ്രയേലിനെയും അമേരിക്കയെയും ചോദ്യ മുനയിൽ നിർത്തിക്കൊണ്ട് തന്നെയായിരുന്നു ഇറാന്റെ ഈ പ്രസ്താവനയും.

ഈ വർഷം ആദ്യം നടന്ന ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും അവരുടെ താമസ സ്ഥലങ്ങളെയും ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. അതെ കുറിച്ച് ആരാഞ്ഞപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അത് നിഷേധിച്ചിരുന്നു. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രങ്ങളെ ഈ ഘട്ടത്തിൽ അമേരിക്കയും ആക്രമിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുക എന്നത് വളരെ എളുപ്പമുള്ള ലക്ഷ്യം ആണെന്നും എന്നാൽ അത് ഉടനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് ആ സമയത്ത് പറഞ്ഞിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെ മരണത്തിൽ നിന്ന് ഒരിക്കൽ രക്ഷിച്ചത് താനാണെന്ന് പിന്നീട് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഖമനയിയെ ലക്ഷ്യം വെച്ചുള്ള മറ്റു പദ്ധതികളും നടക്കുന്നുണ്ട് എന്ന് അന്ന് തന്നെ റിപ്പോർട്ടുകളും വന്നിരുന്നു. ഖമനയിയുടെ സുരക്ഷാ ഭടന്മാരുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്‌തത് ആ വിവരങ്ങൾ പിന്തുടർന്ന് കൃത്യമായ ലൊക്കേഷൻ മാപ്പ് ചെയ്താണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്. ഞെട്ടിക്കുന്ന ഈ രഹസ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ കൂടുതൽ ജാഗരൂകരാവുകയായിരുന്നു ഇറാൻ. അതിനു പിന്നാലെ ഫോൺ പോലും ഉപേക്ഷിച്ച് ബോഡി ഗാർഡ്‌സിൻ്റെ പിൻബലമില്ലാതെ ഖമനയി ബങ്കറുകളിൽ അഭയം തേടുകയായിരുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു. അതെ സമയം, സംഘർഷ സമയത്ത് ഇറാന്റെ പരമോന്നത നേതാവിനെ കൊല്ലാനുള്ള ഇസ്രായേലിന്റെ പദ്ധതി ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാക്കുമെന്ന ആശങ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആ നീക്കം തടയുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇറാൻ്റെ ഫോർഡോ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് എന്ന തകർക്കാൻ ഇസ്രായേലിനു സാധിക്കാത്തതുകൊണ്ടാണ് അമേരിക്കൻ ആക്രമണം എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഖത്തറിലെ അമേരിക്കൻ സേന താവളത്തിലേക്ക് ഇറാൻ മിസൈൽ തൊടുത്തിരുന്നു. യുദ്ധം തുടർന്ന് പോയാൽ സാഹചര്യം വഷളാകുമെന്ന് മനസ്സിലായ ട്രംപ് പിന്നീട് ഇസ്രയേലിനോട് ആക്രമണം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖമനയിയുടെ ജീവനിൽ തനിക്ക് പ്രത്യേക ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം ഇല്ലാതായാൽ ഇറാൻ എന്ന രാജ്യം പ്രതിസന്ധിയിൽ ആകുമെന്ന് ഭയക്കുന്നുണ്ടെന്നും പറയുന്ന ആളാണ് ഇറാൻന്റെ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. എന്തായാലും ഖമേനിയുടെ ജീവന് ഒരു പോറൽ പോലും സംഭവിക്കരുതെന്ന് ഉറച്ച തീരുമാനം എടുത്തു മുന്നോട്ട് പോകുന്ന ഇറാന്റെ പ്രസിഡന്റും ഇന്റലിജൻസ് ഏജൻസിയും ഇസ്രയേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights : US &Israel targeted supreme leader Ayatollah Ali Khamenei -Iran's intelligence ministry