

ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ സഹപ്രവർത്തകരുടെ പരിഹാസം സഹിക്കാൻ കഴിയാതെ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ജീവനൊടുക്കി. ജലവിതരണ വകുപ്പിലെ ക്ലർക്കായ 48കാരി രജനി ദുൻദേലേ സഹപ്രവർത്തകനും 29കാരനുമായ മിഥുൻ എന്നിവരാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ബായാവാഡി ജില്ലയിലെ ഒരു കിണറ്റിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയായിട്ടും വീടുകളില്‍ തിരികെ എത്താത്തതിനെ തുടർന്ന് പൊലീസ് ഇരുവരെയും അന്വേഷിച്ച് വരികയായിരുന്നു.
മിഥുന്റെ ഫോൺ ലൊക്കേഷൻ ഉപയോഗിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. രണ്ട് ജോഡി സ്ലിപ്പറുകൾ, മൊബൈൽ ഫോൺ, മോട്ടോർ സൈക്കിൾ എന്നിവ ഒരു വയലിന് സമീപത്ത് നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച രജനിയുടെ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. വിധവയായ രജനിക്ക് ഒരു മകനും രണ്ട് പെൺമക്കളുമാണ് ഉള്ളത്. മിഥുനെ സ്വന്തം മകനെപ്പോലെയാണ് കണ്ടത്. എന്നാൽ ഓഫീസിലെ ചിലർ അനാവശ്യങ്ങൾ പറഞ്ഞ് പരത്തിയതിനാൽ ജീവൻ അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. ചില ആളുകളുടെ പേരും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രജനിയുടെ മകന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്.
Content Highlights: Two government employees from Madya Pradesh committed suicide after taunts over affair