എണ്ണിത്തീരാനാകാത്ത ഓര്‍മകള്‍ ബാക്കിയാകുന്നു, ഈ ശൂന്യത ജീവിതാവസാനം വരെ നിലനില്‍ക്കും: ഹേമ മാലിനി

'അദ്ദേഹം ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും പ്രശസ്തിയും ഇന്ത്യൻ സിനിമയിൽ എന്നും നിലനിൽക്കും'

എണ്ണിത്തീരാനാകാത്ത ഓര്‍മകള്‍ ബാക്കിയാകുന്നു, ഈ ശൂന്യത ജീവിതാവസാനം വരെ നിലനില്‍ക്കും: ഹേമ മാലിനി
dot image

അന്തരിച്ച നടൻ ധർമേന്ദ്രയെ അനുസ്മരിച്ച് ഭാര്യ ഹേമ മാലിനി. അദ്ദേഹം സൃഷ്ടിച്ച ശൂന്യത തന്റെ ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നും എണ്ണിത്തീരാനാകാത്ത ഒരുപാട് ഓർമകൾ ബാക്കിയാകുന്നു എന്നും ഹേമ മാലിനി സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും പ്രശസ്തിയും ഇന്ത്യൻ സിനിമയിൽ എന്നും നിലനിൽക്കുമെന്നും ഹേമ മാലിനി കുറച്ചു.

'ധരം ജി❤️. അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങളായിരുന്നു. സ്നേഹനിധിയായ ഭർത്താവ്, ഈഷയുടെയും അഹാനയുടെയും പ്രിയപ്പെട്ട പിതാവ്, സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങളിലും എനിക്ക് സമീപിക്കാവുന്ന വ്യക്തി-വാസ്തവത്തിൽ, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു. നല്ല സമയങ്ങളിലൂടെയും ചീത്ത സമയങ്ങളിലൂടെയും അദ്ദേഹം എപ്പോഴും കടന്നുപോയിട്ടുണ്ട്. എന്റെ കുടുബാംഗങ്ങളോടെല്ലാം വളരെ വേഗം അദ്ദേഹം അടുത്തു. അവർ ഓരോരുത്തരുടെ കാര്യത്തിലും വലിയ സ്‌നേഹവും താൽപര്യവും അദ്ദേഹം കാണിച്ചിരുന്നു.

ഒരു പൊതു വ്യക്തിത്വമെന്ന നിലയിൽ ഒരുപാട് പ്രശസ്തി ഉണ്ടായിരുന്നിട്ടും വിനയമാണ് മറ്റു ഇതിഹാസങ്ങളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അദ്ദേഹം ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും പ്രശസ്തിയും ഇന്ത്യൻ സിനിമയിൽ എന്നും നിലനിൽക്കും. എന്റെ വ്യക്തിപരമായ നഷ്ടം വാക്കുകളാൽ വിവരിക്കാൻ സാധിക്കുന്നതല്ല. അദ്ദേഹം സൃഷ്ടിച്ച ശൂന്യത എന്റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം എണ്ണിത്തീരാനാകാത്ത ഒരുപാട് ഓർമ്മകൾ ബാക്കിയാകുന്നു', ഹേമ മാലിനിയുടെ വാക്കുകൾ.

hemamalini

ഇന്ത്യൻ പ്രേക്ഷകരിലെ വിവിധ തലമുറകളെ ആവേശത്തിരയിലാഴ്ത്തിയ ഒട്ടനവധി ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ നൽകിയ സൂപ്പർ ഹീറോ ആയിരുന്നു ധർമേന്ദ്ര. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡിയും ആക്ഷനും പ്രണയവും വിരഹവും ധര്‍മേന്ദ്ര തകര്‍ത്തഭിനയിച്ചു. സിനിമ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രണയവും. 28 ഓളം സിനിമകളില്‍ ധർമേന്ദ്രയും ഹേമ മാലിനിയും ഒരുമിച്ച് അഭിനയിച്ചു. 1980 ല്‍ ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താതെ തന്നെ ധര്‍മേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയ്തു. ഇവരുടെ ഈ വിവാഹം അന്ന് ബോളിവുഡിനെയാകെ ഞെട്ടിച്ചിരുന്നു.

Content Highlights: Hema Malini about Dharmendra

dot image
To advertise here,contact us
dot image