

വമ്പൻ വിജയങ്ങളിലൂടെയാണ് തുടങ്ങിയതെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ലോകേഷ് കനകരാജിന് അത്ര നല്ല സമയമല്ല. ലോകേഷിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ രജനി ചിത്രം കൂലി മോശം പ്രതികരണമാണ് നേടിയത്. സിനിമയുടെ പേരിൽ നിറയെ ട്രോളുകളും ലോകേഷിനെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ലോകേഷ്.
ലോകേഷിന്റെ സംവിധാന സഹായിയായ സന്തോഷ് ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാകുന്നത്. തന്റെ ടീമിനൊപ്പം നിൽക്കുന്ന ലോകേഷിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. LK7 എന്ന ഹാഷ്ടാഗോടെയാണ് സന്തോഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ കമന്റുകളും നിരവധി നിറയുന്നുണ്ട്. കൈതി 2 ആണോ അല്ലെങ്കിൽ മറ്റേതെങ്കിലും ചിത്രമാണോ ഇനി ലോകേഷിന്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ, അടുത്തത് ഒരു തെലുങ്ക് ചിത്രമാകാം എന്നും പവൻ കല്യാൺ ആണ് ചിത്രത്തിലെ നായകനെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ലോകേഷ് നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. റോക്കി, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ സിനിമകളൊരുക്കിയ അരുൺ മാതേശ്വരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡിസി' എന്നാണ് സിനിമയുടെ പേര്. ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. രക്തത്തിൽ കുളിച്ച് നടന്നുവരുന്ന ലോകേഷ് കനകരാജിനെയും വാമിക ഗബ്ബിയെയുമാണ് ഈ ടീസറിൽ കാണാനാകുന്നത്.
അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്. ഒരു ആക്ഷൻ ചിത്രമായി ആണ് സിനിമ ഒരുങ്ങുന്നതെന്ന് എന്നാണ് സൂചന. സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്ഷല് ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. 2026 സമ്മറിൽ സിനിമ പുറത്തിറങ്ങും.
Content Highlights: Lokesh Kanakaraj new pic sparks debate