

ഇന്ത്യൻ ക്രിക്കറ്റിന് ടെസ്റ്റ് ടീമിന് വേണ്ടി മാത്രം മറ്റൊരു പരിശീലകനെ ആവശ്യമാണെന്ന് ഡൽഹി ക്യാപിറ്റൽസ് ടീം സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐയ്ക്ക് നിർദേശവുമായി പാർത്ഥ് ജിൻഡാൽ രംഗത്തെത്തിയത്.
'വിജയത്തിന് അടുത്തുപോലും എത്താന്‍ സാധിച്ചിട്ടില്ല. സ്വന്തം നാട്ടിലാണ് സമ്പൂര്‍ണ്ണ പരാജയം വഴങ്ങിയിരിക്കുന്നത്! സ്വന്തം മണ്ണിൽ നമ്മുടെ ടെസ്റ്റ് ടീമിനെ ഇത്രത്തോളം ദുര്‍ബലമായി കണ്ടതായി ഓര്‍ക്കുന്നില്ല. ഒരു റെഡ് ബോൾ സ്പെഷ്യലിസ്റ്റായ പരിശീലകനെ തിരഞ്ഞടുത്തില്ലെങ്കിൽ ഇതാണ് സംഭവിക്കുക. റെഡ‍് ബോൾ ഫോർമാറ്റിൽ നമുക്കുള്ള കരുത്ത് പ്രതിഫലിപ്പിക്കാൻ ഈ ടീമിന് ഒരിക്കലും സാധിച്ചിട്ടില്ല. ടെസ്റ്റ് ടീമിന് വേണ്ടി ഇന്ത്യ ഒരു സ്‌പെഷ്യലിസ്റ്റ് റെഡ്-ബോള്‍ പരിശീലകനെ തിരഞ്ഞെടുക്കേണ്ട സമയമായി', പാർത്ഥ് ജിൻഡാൽ എക്സിൽ കുറിച്ചു.
Not even close, what a complete thrashing at home! Don’t remember seeing our test side being so weak at home!!!This is what happens when red ball specialists are not picked. This team is nowhere near reflective of the deep strength we possess in the red ball format. Time for…
— Parth Jindal (@ParthJindal11) November 26, 2025
അതേസമയം ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റാൻ ബിസിസിഐ ഇപ്പോൾ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെയും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ഗൗതം ഗംഭീറിനെ ബിസിസിഐ പുറത്താക്കുമെന്നും പകരം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനുമായ വിവിഎസ് ലക്ഷ്മണെ കോച്ചായി നിയമിക്കുമെന്നും അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ നിഷേധിച്ചും ഗംഭീറിന് പൂർണ പിന്തുണ നൽകിയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ഇന്ത്യൻ ടീം പരിവർത്തന ഘട്ടത്തിലാണെന്നും കോച്ച് ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുന്നത് ബിസിസിഐ തുടരുകയാണെന്നും ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Delhi Capitals co-owner Parth Jindal has urged the BCCI to appoint a specialist coach for India's Test side