

ദൂരദർശൻ കാലം മുതൽ മലയാള മിനിസ്ക്രീനിലെ സുപരിചിത മുഖമാണ് നടി ഇന്ദുലേഖ. ഭർത്താവിന്റെ മരണശേഷം താൻ സമൂഹത്തെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് പറയുകയാണ് നടി ഇന്ദുലേഖ. സൊസൈറ്റിയെ ഒരു പരിധി വരെ പേടിക്കുന്നയാളാണ് താനെന്നും ഭർത്താവ് മരിച്ച സമയത്ത് താൻ സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നുവെന്നും അതിനാൽ പേടിയുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'സൊസൈറ്റിയെ ഒരു പരിധി വരെ പേടിക്കുന്നയാളാണ് ഞാൻ. ഭർത്താവ് മരിച്ച സമയത്ത് ഞാൻ സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനാൽ തന്നെ പേടിയും ഉണ്ടായിരുന്നു. കാരണം മോളും അന്ന് ചെറുതാണ്, പുറത്തേക്ക് ഇറങ്ങുമ്പോൾ ആളുകൾ ഓരോന്ന് പറയുന്നത് കാണാറുണ്ട്. അതിനാൽ കാര്യങ്ങൾ നോക്കിയും കണ്ടും മാത്രമെ ചെയ്യാറുള്ളു'.
'പിന്നെ മനസിലായി സൊസൈറ്റിയെ പേടിച്ചിട്ട് കാര്യമില്ലെന്ന്. നമ്മൾ നമ്മുടെ വർക്കും മറ്റുമായി മുന്നോട്ട് പോയാലെ ജീവിതം മുന്നോട്ട് പോകൂ. വിധവയായുള്ള ലൈഫ് ഒട്ടും ഈസിയല്ല. പലതും കേൾക്കുമ്പോൾ വിഷമം തോന്നും…മാറിയിരുന്ന് കരയും. ഇപ്പോൾ പക്ഷെ പല കാര്യങ്ങളും കേട്ടാൽ മൈന്റ് ചെയ്യാതെ ഇരിക്കും'.
'സൊസൈറ്റി മുഴുവനായൊന്നും മാറിയിട്ടില്ല. ഇപ്പോഴും പഴയ രീതിയിൽ തന്നെ ചിന്തിച്ച് മുന്നോട്ട് പോകുന്നവരുണ്ട്. പഠിപ്പും വിവരമുള്ളവരാണെങ്കിൽ പോലും ചിന്തകൾ പഴയ രീതിയിലാകും. എനിക്ക് അടുപ്പമുള്ളവരിൽ നിന്നാണ് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ഞാൻ ചെയ്തിട്ടുള്ള റോളുകൾ ഏറെയും പാവം കഥാപാത്രങ്ങളാണ് എന്നതുകൊണ്ട് ആളുകളിൽ ചിലർക്ക് എന്നോട് ഒരു സ്നേഹമുള്ളതായി തോന്നിയിട്ടുണ്ട്. ദ്രോഹം വന്നിട്ടുള്ളത് അറിയാവുന്നവരിൽ നിന്നാണ്', ഇന്ദുലേഖ പറഞ്ഞു. മുപ്പത്തിമൂന്ന് വർഷമായി സീരിയൽ-സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന നടിയാണ് ഇന്ദുലേഖ. ബാലതാരമായാണ് ഇന്ദുലേഖ അഭിനയിച്ച് തുടങ്ങിയത്. ചെറിയ സീരിയലുകളിൽ അഭിനയിച്ച് തുടങ്ങി പിന്നീട് മെഗാ സീരിയലുകളിൽ ഭാഗമാവുകയായിരുന്നു.
Content Highlights: Actress Indhulekha talks about her acting life and society