കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം കൈമാറി ടിവികെ; ദുഃഖസൂചകമായി ഇത്തവണ ദീപാവലി ആഘോഷമില്ല

ടിവികെയുടെ പേരില്‍ സംസ്ഥാനത്ത് യാതൊരുവിധ ആഘോഷപരിപാടികളും വേണ്ട എന്നാണ് നിര്‍ദേശം

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം കൈമാറി ടിവികെ; ദുഃഖസൂചകമായി ഇത്തവണ ദീപാവലി ആഘോഷമില്ല
dot image

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം കൈമാറി തമിഴക വെട്രി കഴകം. മരിച്ച 39 പേരുടെ കുടുംബാംഗങ്ങൾക്കാണ് ധനസഹായം കൈമാറിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. അപകടത്തിന് ശേഷം ഇതുവരെ വിജയ് കരൂരിൽ എത്തിയില്ല. ഇന്നലെ സന്ദർശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിബിഐ അന്വേഷണം നടക്കുന്നതിനാൽ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.

കരൂർ ദുരന്ത പശ്ചാത്തലത്തിൽ ടിവികെ ദീപാവലി ആഘോഷങ്ങള്‍ ഒഴിവാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക ആഘോഷ പരിപാടികളുണ്ടാകില്ല. കരൂര്‍ ദുരന്തത്തില്‍ മരിച്ച 41 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചാണ് ഇത്തവണ ദീപാവലി ആഘോഷങ്ങള്‍ വേണ്ട എന്ന് ടിവികെ തീരുമാനിച്ചത്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ഇതുസംബന്ധിച്ച നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കി. ടിവികെയുടെ പേരില്‍ സംസ്ഥാനത്ത് യാതൊരുവിധ ആഘോഷപരിപാടികളും വേണ്ട എന്നാണ് നിര്‍ദേശം.

കരൂരിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുമെന്നും എല്ലാമാസവും സഹായധനം നൽകുമെന്നും കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്നുമാണ് ടിവികെ പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന വിജയ്‌യുടെ റാലിയാണ് ദുരന്തത്തിൽ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ സെപ്റ്റംബർ 27 ശനിയാഴ്ച കരൂർ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. വിജയ്‌യെ കാണാൻ രാവിലെ മുതൽ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്.

ഇതിനകം തന്നെ ആളുകൾ തളർന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകൾ കുഴഞ്ഞുവീണു. തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകൾക്ക് കുപ്പി വെള്ളം എറിഞ്ഞുനൽകുകയും ചെയ്തു. ഇതോടെ ആളുകൾ കുപ്പിവെള്ളം പിടിക്കാൻ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ 41 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.

Content Highlights: Vijay urges tvk workers to not celebrate diwali in memory of karur stampede victims

dot image
To advertise here,contact us
dot image