ഡെബിറ്റ് കാര്‍ഡ് ഇഎംഐ, പേഴ്‌സണല്‍ ലോണ്‍പോലെ; തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും

കൃത്യമായി ഇഎംഐ തിരിച്ചടയ്ക്കുകയാണെങ്കില്‍ സ്വാഭാവികമായും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബൂസ്റ്റ് ചെയ്യും.

ഡെബിറ്റ് കാര്‍ഡ് ഇഎംഐ, പേഴ്‌സണല്‍ ലോണ്‍പോലെ; തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും
dot image

ഡെബിറ്റ് കാര്‍ഡ് ഇഎംഐ വ്യക്തിഗത വായ്പ എടുക്കുന്നത് പോലെത്തന്നെയാണ്. സ്മാര്‍ട്ട്‌ഫോണോ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങാന്‍ മുഴുവന്‍ തുകയും കയ്യിലില്ല, ക്രെഡിറ്റ് കാര്‍ഡും കയ്യിലില്ല എന്നുള്ളവര്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഒരു അനുഗ്രഹമായിരിക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെയും ക്രെഡിറ്റ് റിപ്പോര്‍ട്ടിനെയും ബാധിക്കുമോ എന്ന് ചോദിച്ചാല്‍ അതിനുത്തരം അതേ എന്നുതന്നെയാണ്.

ഉദാഹരണത്തിന് അറുപതിനായിരം രൂപയുടെ ഒരു ഫോണ്‍ ആറുമാസത്തെ ഇഎംഐയില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ 10,000 രൂപ വച്ചായിരിക്കും തിരിച്ചടയ്‌ക്കേണ്ടി വരിക. സീറോ ഇന്ററസ്റ്റ് ഇഎംഐ ആണെങ്കിലും പ്രൊസസിങ് ഫീയും മറ്റും ഉണ്ടായേക്കാമെന്ന കാര്യം മറക്കരുത്. ഈ തുക കൃത്യമായി തന്നെ അടച്ചുതീര്‍ക്കാനായി സാധിക്കണം. കാരണം ഡെബിറ്റ് കാര്‍ഡ് ഇഎംഐ പണമിടപാട് ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. കൃത്യമായി ഇഎംഐ തിരിച്ചടയ്ക്കുകയാണെങ്കില്‍ സ്വാഭാവികമായും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബൂസ്റ്റ് ചെയ്യും.

ഏതെങ്കിലും ഒരു അടവ് മുടങ്ങിയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിലേക്ക് നയിക്കും. അ്ത് ക്രെഡിറ്റ് സ്‌കോറില്‍ രേഖപ്പെടുത്തും എന്നുമാത്രമല്ല അത് കുറേവര്‍ഷം അവിടെ കാണുകയും ചെയ്യും. ഒരു പുതിയ വായ്പയ്ക്കായി അപേക്ഷിക്കുമ്പോഴായിരിക്കും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിലുണ്ടായ കുറവ് നിങ്ങളെ ബാധിക്കുക.

മറക്കേണ്ടാത്ത മറ്റൊരു കാര്യം ഡെബിറ്റ് കാര്‍ഡ് ഇഎംഐ എന്നുപറയുന്നത് ഒരു വായ്പ തന്നെയാണ്. പൂജ്യം ശതമാനം ഇഎംഐയ്ക്കും അല്ലെങ്കില്‍ സമാനമായ പ്ലാനുകള്‍ക്കും പ്രൊസസിങ് ഫീസും അഡീഷണല്‍ ചാര്‍ജസും കാണും.

ഡെബിറ്റ് കാര്‍ഡ് മാത്രം ഉള്ളവര്‍ അറിയാന്‍

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമായി പലരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തെ ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷെ ക്രെഡിറ്റ് കാര്‍ഡ് കൃത്യമായി വിനിയോഗിക്കാന്‍ അറിഞ്ഞില്ലെങ്കില്‍ ഗുണത്തേക്കാളുപരി ഇത് ദോഷം ചെയ്യും. ഇനി ക്രെഡിറ്റ് കാര്‍ഡില്ല പകരം ഡെബിറ്റ് കാര്‍ഡ് ആണ് ഉള്ളതെങ്കില്‍ ഓണ്‍ടൈം റീപേമെന്റ് ഡെബിറ്റ് കാര്‍ഡിലൂടെ നടത്തി ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താം.

ഇഎംഐ എടുക്കുംമുന്‍പ്

  • ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ എടുക്കുന്നതിന് മുന്‍പായി നിങ്ങളുടെ ബാങ്കുമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. നേരത്തേ അടച്ചാലുള്ള പിഴ, ഡെഡ്‌ലൈനുകള്‍, നിയമപരമായ മറ്റുപ്രശ്‌നങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, തിരിച്ചടവ് വ്യവസ്ഥകള്‍ എന്നിവയെല്ലാം മനസ്സിലാക്കുക.
  • തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാം, എത്ര തുകവച്ച് തിരിച്ചടയ്ക്കണം എന്നതുസംബന്ധിച്ചും തിരഞ്ഞെടുപ്പ് വേണം. നിങ്ങളുടെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്തുകൊണ്ടുള്ള ഉചിതമായ തിരഞ്ഞെടുപ്പായിരിക്കും നന്നായിരിക്കുക.

  • ഇഎംഐ കിഴിവിന് ആവശ്യമായ ഫണ്ട് എല്ലായ്‌പ്പോഴും നിങ്ങളുടെ അക്കൗണ്ടില്‍ സൂക്ഷിക്കുക. പേമെന്റ് റിജക്ഷന്‍ മൂലമുണ്ടാകുന്ന പെനാല്‍റ്റികളില്‍ നിന്ന് രക്ഷപ്പെടാം.

  • ഒന്നിലധികം ഇഎംഐകള്‍ ഉള്ളത് ഒഴിവാക്കുന്നതാണ് നല്ലത്.

Content Highlights: Debit‑Card EMI: How On‑Time Payments Shape Your Credit Score”

dot image
To advertise here,contact us
dot image