ആൾക്കൂട്ട ആക്രമണത്തിനിടെ തന്‍റെ പേര് വിളിച്ച് കരഞ്ഞ ഹരിഓമിന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുല്‍ ഗാന്ധി

അവർ നീതി മാത്രമാണ് ചോദിക്കുന്നത്, എന്നാൽ സർക്കാർ സംവിധാനങ്ങൾ അവരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി

ആൾക്കൂട്ട ആക്രമണത്തിനിടെ തന്‍റെ പേര് വിളിച്ച് കരഞ്ഞ ഹരിഓമിന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുല്‍ ഗാന്ധി
dot image

ന്യൂഡൽഹി: റായ്ബറേലിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവാവ് ഹരിഓം വാത്മീകിയുടെ കുടുംബത്തെ സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഈ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവർക്ക് നീതിയാണ് വേണ്ടതെന്നും സന്ദർശനത്തിന് പിന്നാലെ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

ഹരി ഓം വാത്മീകിയുടെ കുടുംബം തന്നെ കാണുന്നതോ കാണാത്തതോ അല്ല വിഷയം. ഇവർ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നതാണ്. കുറ്റം ചെയ്തവരാണ് ശിക്ഷിക്കപ്പെടേണ്ടത്. കുടുംബത്തിനായി എല്ലാ സഹായവും ചെയ്യും. യോഗി സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് അതിക്രൂര ദളിത് പീഡനങ്ങളാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയെ കാണരുതെന്ന് കുടുംബത്തെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ച. അവർ നീതി മാത്രമാണ് ചോദിക്കുന്നത്. എന്നാൽ സർക്കാർ സംവിധാനങ്ങൾ അവരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും രാഹുൽ വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട രാഹുൽ, പ്രതികളെ സംരക്ഷിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

25 മിനുട്ടോളം കുടുംബത്തോടൊപ്പം രാഹുൽ ചെലവഴിച്ചു. വാത്മീകിയുടെ പിതാവ് ഗംഗാദീൻ, സഹോദരൻ ശിവം, സഹോദരി കുസും എന്നിവരെ ചേർത്തുപിടിച്ച ആശ്വസിപ്പിച്ച് രാഹുൽ, എല്ലായ്പ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പും നൽകി.

ഡ്രോൺ ഉപയോഗിച്ച് വീടുകളിൽ കവർച്ച നടത്തുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് 40കാരനായ ഹരിഓം വാത്മീകിയെ ആൾക്കൂട്ടം തല്ലിക്കൊന്നത്.

മർദനത്തിനിടെ രാഹുൽ ഗാന്ധിയുടെ പേര് വിളിച്ച് കരഞ്ഞ വാത്മീകിയോട് ഇവിടെയുള്ളവരെല്ലാം ബാബയുടെ ആളുകളാണെന്ന് അക്രമികൾ പറയുന്നത് വീഡിയോയിലുണ്ട്.ഉഞ്ചഹാറിലെ റെയിൽവേ ട്രാക്കിന് സമീപമാണ് ഹരിഓമിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചിരുന്നു. ഇതിനിടെയാണ് ഹരിഓമിനെ കളളനാണെന്ന് ആരോപിച്ച് ഒരു സംഘം ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെയാണ് ആൾക്കൂട്ട ആക്രമണമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

ഒക്ടോബർ ഒന്നിന് രാത്രി ഹരിഓം ഈശ്വർദാസ്പൂരിലേക്ക് നടന്നുപോകുമ്പോഴായിരുന്നു മോഷണക്കുറ്റം ആരോപിച്ച് പ്രദേശവാസികൾ അദ്ദേഹത്തെ പിടികൂടിയത്. ഹരിഓമിനെ അർധനഗ്‌നനാക്കി, അദ്ദേഹത്തിന്റെ ഷർട്ടുകൊണ്ട് കൈകൾ കെട്ടി. തന്നെ ഉപദ്രവിക്കരുതെന്ന അപേക്ഷ അവഗണിച്ച് ബെൽറ്റുകളും വടികളും ഉപയോഗിച്ച് തുടകളിലും സ്വകാര്യ ഭാഗങ്ങളിലുമാണ് സംഘം മർദിച്ചു. ബോധം മറഞ്ഞ യുവാവിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയി സംഘം ഒരു തൂണിൽ കെട്ടിയിട്ട് വീണ്ടും മർദ്ദിച്ചു. തുടർന്നാണ് റെയിൽവെ ട്രാക്കിന് സമീപം ഉപേക്ഷിച്ചത്. ഹരിഓം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും അദ്ദേഹം തന്നെ കാണാനായാണ് ഉഞ്ചഹാറിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ ഭാര്യ പിങ്കി പറഞ്ഞിരുന്നു.

Content Highlights: Rahul gandhi visits Hariom Valmiki's family at raebareli

dot image
To advertise here,contact us
dot image