
ഗുരുഗ്രാം: കുടുംബത്തിന്റെ സഹായത്തോടെ വിവാഹത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമില്‍ നിന്നാണ് കാജല്‍ എന്ന യുവതിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നതിനായി നിരവധി യുവാക്കളെയാണ് യുവതി വിവാഹം കഴിച്ചത്.
കാജല്‍ ഒരു വര്‍ഷമായി ഗുരുഗ്രാമിലെ സരസ്വതി എന്‍ക്ലേവില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു.
കാജലിന് തമന്ന എന്ന സഹോദരികൂടിയുണ്ട്. ഇവരുടെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി ഇരുവര്‍ക്കുമായി വിവാഹം ആലോചിക്കും. ഇത്തരത്തില്‍ 2024 മെയില്‍ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആണ്‍മക്കള്‍ക്ക് ഇയാള്‍ തന്റെ പെണ്‍മക്കളെ വിവാഹം ആലോചിച്ചു. 11 ലക്ഷം രൂപയാണ് വിവാഹ ആവശ്യങ്ങള്‍ക്കായി താരാചന്ദില്‍ നിന്ന് വാങ്ങിയത്.
മെയ് 21ന് ആഘോഷത്തോടെ വിവാഹം നടന്നു. കാജലിന്റെയും തമന്നയുടെയും മാതാവ് സരോജ്, സഹോദരന്‍ സുരാജ് എന്നിവരും വിവാഹത്തിനുണ്ടായിരുന്നു. വിവാഹത്തിന് ശേഷം രണ്ട് ദിവസം ഭഗത് സിങ്ങിന്റെ കുടുംബം താരാചന്ദിനൊപ്പം താമസിച്ചു. മൂന്നാം ദിവസം മുങ്ങി. ആഭരണങ്ങള്‍, പണം, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ചുകൊണ്ടായിരുന്നു മുങ്ങിയത്. തുടര്‍ന്ന് താരാചന്ദ് പൊലീസില്‍ പരാതി നല്‍കി. സിക്കാര്‍ ജില്ലയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഡിസംബര്‍ 18 ന് ഗോവര്‍ദ്ധനില്‍ നിന്ന് ഭഗത് സിംഗിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുടുംബം വിവാഹ റാക്കറ്റ് നടത്തിയിരുന്നതായി വെളിപ്പെട്ടു. പിന്നീട് തമന്നയെയും സൂരജിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അപ്പോഴേക്കും കാജല്‍ രക്ഷപ്പെട്ടിരുന്നു. ജയ്പൂരിലും മഥുരയിലും കുറച്ചു കാലം ചെലവഴിച്ച അവര്‍ പിന്നീട് ഗുരുഗ്രാമിലേക്ക് മാറി. ഇവിടെ നിന്നാണ് പിടികൂടിയത്.
വിവാഹം കഴിക്കാത്ത സമ്പന്ന കുടുംബങ്ങളെയാണ് ഇവര്‍ തട്ടിപ്പിനായി തെരഞ്ഞെടുത്തിരുന്നത്.
മറ്റ് നിരവധി പേരെ സംഘം സമാനരീതിയില്‍ വഞ്ചിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Content Highlights: Woman Arrested For Marrying Multiple Men and Fleeing With Cash