'ഒരു ലംബോർഗിനിക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല'; സ്പെഷ്യൽ മുന്നറിയിപ്പുമായി രോഹിത്തിന്റെ പരിശീലന വീഡിയോ

വീഡിയോയുടെ ഈ ക്യാപ്ഷന് പിന്നിൽ മറ്റൊരു കഥയും കൂടിയുണ്ട്

'ഒരു ലംബോർഗിനിക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല'; സ്പെഷ്യൽ മുന്നറിയിപ്പുമായി രോഹിത്തിന്റെ പരിശീലന വീഡിയോ
dot image

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഇന്ത്യയുടെ സൂപ്പർ താര​ങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയുമാണ് ആരാധകർ ഉറ്റുനോക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശർമയും വിരാട് കോഹ്‌ലിയും വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ പോകുന്നുവെന്നതാണ് ഏകദിന പരമ്പരയെ ശ്രദ്ധേയമാക്കുന്നത്. ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ നെറ്റ്‌സില്‍ ഇരു താരങ്ങളും ഒരുപാട് സമയം ചെലവഴിച്ചു.

ഇപ്പോഴിതാ ഓസ്ട്രേലിയയിൽ രോഹിത് ശർമയുടെ പരിശീലന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത്. വ്യാഴാഴ്ച പെർ‌ത്തിലെ നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റ വീഡിയോ ഔദ്യോ​ഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. "ഈ വീഡിയോയിൽ ഒരു ലംബോർഗിനിക്കും കേടുപാടുകൾ‌ സംഭവിച്ചിട്ടില്ല" എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാർ സ്പോർട്സ് വീഡിയോ പങ്കുവെച്ചത്.

വീഡിയോയുടെ ഈ ക്യാപ്ഷന് പിന്നിൽ മറ്റൊരു കഥയും കൂടിയുണ്ട്. പെർത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപായി മുംബൈ ശിവാജി പാർക്കിൽ രോഹിത് ബാറ്റിങ് പരിശീലിച്ചത് വലിയ വാർത്തയായിരുന്നു. സിക്‌സര്‍ നേടുന്നതില്‍ അസാമാന്യ മിടുക്ക് പ്രകടിപ്പിക്കുന്ന രോഹിതിന്റെ പരിശീനത്തിനിടെയുള്ള കൂറ്റന്‍ ഷോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുംബൈ ശിവാജി പാര്‍ക്കില്‍ രോഹിതിന്റെ ഷോട്ടുകള്‍ ഇടയ്ക്കിടെ ഗ്രൗണ്ടിന് പുറത്തേക്ക് പറന്നു.

രോഹിത്തിന്റെ ഷോട്ട് അബദ്ധത്തില്‍ അദ്ദേഹത്തിന്റെ തന്നെ വിലപിടിപ്പുള്ള ലംബോര്‍ഗിനി കാറില്‍ പതിച്ചെന്നാണ് ഒരു വൈറല്‍ വീഡിയോയില്‍ പറയുന്നത്. എന്നാൽ‌ പന്ത് മരങ്ങള്‍ക്കിടയിലേക്ക് പോകുന്നത് വ്യക്തമാണെങ്കിലും കാറിന്റെ ഭാഗങ്ങള്‍ വീഡിയോയിലില്ല. എന്നാൽ‌ രോഹിത്തിന്റെ സിക്സർ ലംബോർ​ഗിനിയിൽ ചെന്ന് പതിച്ചെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാർത്ത പ്രചരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു ലംബോർ​ഗിനിക്കും കേടുപാടുകൾ‌ സംഭവിച്ചിട്ടില്ല എന്ന ക്യാപ്ഷനോടെ സ്റ്റാർ സ്പോർട്സ് വീഡിയോ പങ്കുവെച്ചത്.

Content Highlights: 'No Lamborghini Was Harmed': Rohit Sharma's Training Video Out Ahead Of India vs Australia

dot image
To advertise here,contact us
dot image