
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വര്‍ണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടര്‍ന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിച്ചു. ശേഷം 394 ഗ്രാം സ്വര്‍ണം മാത്രം പൂശിയ ശേഷം ബാക്കി സ്വര്‍ണം കൈക്കലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശേഷം ദ്വാരപാലകശില്‍പങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെ എത്തിച്ച് പൂജ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അതിനിടെ കോടതിയില്‍ നിന്നും പുറത്തിറക്കവെ ഉണ്ണികൃഷ്ണന്‍പോറ്റിക്ക് നേരെ ചെരിപ്പെറിഞ്ഞു. ബിജെപി ഭാരവാഹിയായ സിനു എസ് പണിക്കരാണ് ചെരുപ്പെറിഞ്ഞത്. ഈ മാസം 30 വരെയാണ്ഉ ണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങിയത്. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് കസ്റ്റഡിയില്‍ വിട്ടത്. രഹസ്യമായായിരുന്നു കോടതി നടപടികള്‍. മജിസ്ട്രേറ്റ്, പ്രതി, പ്രോസിക്യൂഷന്‍, പ്രതിഭാഗം അഭിഭാഷകന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, കോടതിയിലെ പ്രധാന ജീവനക്കാര്‍ എന്നിവര്‍ മാത്രമാണ് കോടതിക്ക് അകത്തുണ്ടായത്. അഭിഭാഷകനായ ലെവിന്‍ തോമസാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മാധ്യമ പ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ നിര്‍ദേശമുണ്ടായിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് എത്തിയവരേയും കോടതിയില്‍ നിന്ന് മാറ്റിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു തീരുമാനം.
Content Highlights:Unnikrishnan Potty seized two kilos of gold from sabarimala remand report