ബിഹാർ; ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ, 61 സീറ്റുകള്‍ കോൺഗ്രസിന്, രണ്ട് സീറ്റുകള്‍ ഐഐപിക്ക് നല്‍കണം

137 സീറ്റുകളിൽ ആർജെഡി തീരുമാനമെടുക്കും. ഘടകക്ഷികൾക്ക് ആർജെഡി സ്വന്തം അക്കൗണ്ടിൽനിന്ന് സീറ്റ് നൽകും

ബിഹാർ; ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ, 61 സീറ്റുകള്‍ കോൺഗ്രസിന്, രണ്ട് സീറ്റുകള്‍ ഐഐപിക്ക് നല്‍കണം
dot image

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമം. നാമനിർദേശപത്രിക നൽകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇന്ത്യ സഖ്യത്തിലടക്കം സീറ്റുധാരണയായി.

243 അംഗ നിയമസഭ മണ്ഡലങ്ങളില്‍ കോൺഗ്രസിന് 61 സീറ്റ് നൽകും എന്നാൽ അതിൽ 59 സീറ്റുകളിൽ മാത്രമേ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയുള്ളൂ. സഖ്യത്തിനൊപ്പം ചേർന്ന ഇന്ത്യ ഇൻക്ലൂസീവ് പാർട്ടിക്കായി രണ്ട് സീറ്റുകൾ നീക്കിവെയ്ക്കണം. കഴിഞ്ഞതവണ 19 സീറ്റിൽ മത്സരിച്ച് 12ലും വിജയിച്ച സിപിഐ എംഎലിന് ഇത്തവണ 20 സീറ്റാണുള്ളത്. സിപിഐക്ക് ആറ് സീറ്റും സിപിഐഎമ്മിനു നാലും സീറ്റ് നൽകും.

അതേസമയം മുന്നണി വിടുമെന്നു ഭീഷണി മുഴക്കിയ വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് 15 സീറ്റാണ് നൽകിയത്. ബാക്കിവരുന്ന 137 സീറ്റുകളിൽ ആർജെഡി തീരുമാനമെടുക്കും. ഘടകക്ഷികൾക്ക് ആർജെഡി സ്വന്തം അക്കൗണ്ടിൽനിന്ന് സീറ്റ് നൽകും.

ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം അവസാനിക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപായാണ് ഇന്നലെ കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചത്. 48 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

സീറ്റ് വിഭജനത്തിൽ എൻഡിഎയിലും പ്രതിസന്ധകൾ ഒഴിഞ്ഞതായാണ് വിവരം. ധാരണപ്രകാരം ലഭിച്ച 101 വീതം സീറ്റുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ച് ബിജെപിയും ജെഡിയുവും പ്രചാരണത്തിൽ സജീവമാവുകയാണ്.

ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 29 സീറ്റുകളിലും ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവ അവർക്കു ലഭിച്ച 6 വീതം സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Bihar election; India alliance seat issue solved

dot image
To advertise here,contact us
dot image