
പാകിസ്താനുമായുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ ട്രോഫി ലഭിക്കാതെയാണ് ഇന്ത്യ ഏഷ്യ കപ്പ് വിജയത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ട്രോഫി ലഭിച്ചില്ലെങ്കിലും ടൂർണമെന്റ് ആതിഥേയത്വം വഹിച്ചതിലൂടെ ബിസിസിഐക്ക് 100 കോടിയിലധികം രൂപയുടെ ലാഭമാണുണ്ടായത്.
2025-26 ലെ വാർഷിക ബജറ്റ് പ്രകാരം ഏകദേശം 6700 കോടി രൂപയുടെ ലാഭമാണ് ബിസിസിഐ പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2017-18 സാമ്പത്തിക വർഷത്തിൽ ബിസിസിഐ നേടിയത് 666 കോടി രൂപയുടെ ലാഭമായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഓരോ വർഷവും വരുമാനം കുത്തനെ ഉയർന്നു.
പാകിസ്താൻ കൂടി ഉൾപ്പെട്ട ടൂർണമെന്റ് ആയത് കൊണ്ട് തന്നെ ഏഷ്യ കപ്പ് യു എ ഇയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. ഇത് വരുമാനത്തിൽ ഇടിവുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ജിയോ ഹോട്സ്റ്റാർ ലയനം ഐ പി എൽ അടക്കമുള്ള പ്രധാന ടൂർണമെന്റുകളുടെ സംപ്രേക്ഷണ വരുമാനത്തിൽ കുറവുണ്ടാക്കിയിട്ടുണ്ടെന്നും ബി സി സി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഐ സി സിയുടെ ഭാഗത്ത് നിന്നുള്ള ലാഭവിഹിതത്തിൽ വർദ്ധനവ് ഉണ്ടായി. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലൂടെ വരുമാനം കുത്തനെ ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.
Content Highlights: BCCI expected to net Rs 6700 crore in 2025-26, Asia Cup