
ബെംഗളുരു: എഞ്ചിനിയറിങ് കോളേജിലെ ശുചിമുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി. ബെംഗളുരു ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലായിരുന്നു സംഭവം. ജൂനിയര്‍ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 21 വയസുള്ള ജീവന്‍ ഗൗഡയെ ഹനുമന്ത നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ പത്തിനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ 15-നാണ് ഭാരതീയന്യായ സംഹിതയിലെ സെക്ഷന്‍ 64 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും ഇതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥിനി രാവിലെ 8.55 നാണ് കോളേജിലെത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ഉച്ചകഴിഞ്ഞ് ജീവനെ കാണാമെന്ന് പറഞ്ഞിരുന്നു. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ ജീവന്‍ പെണ്‍കുട്ടിയെ വിളിക്കുകയും ഏഴാം നിലയിലെ ആര്‍ക്കിടെക്ച്ചര്‍ ബ്ലോക്കില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ വെച്ച് യുവാവ് പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ലിഫ്റ്റ് കയറി ആറാം നിലയിലെത്തിയപ്പോള്‍ ജീവന്‍ പെണ്‍കുട്ടിയെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നും അവിടെവെച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഉച്ചയ്ക്ക് 1.30-നും 1.50-നും ഇടയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയ പ്രതി സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ കോള്‍ കട്ടാക്കി. പിന്നീട് പുറത്തുവന്ന ശേഷമാണ് കുട്ടി വിവരം സുഹൃത്തുക്കളെ അറിയിച്ചത്. ജീവന്‍ പിന്നീട് വിളിച്ച് ഗര്‍ഭനിരോധന ഗുളിക വേണോയെന്ന് ചോദിച്ചെന്നും പരാതിയില്‍ പറയുന്നു.
'എന്റെ മാതാപിതാക്കള്‍ വിഷമിക്കുമെന്ന് ഭയപ്പെട്ടതിനാല്‍ ആദ്യം ഞാന്‍ അവരോട് കാര്യം പറഞ്ഞില്ല. സുഹൃത്തുക്കള്‍ പിന്തുണച്ചതോടെയാണ് ഞാന്‍ എന്റെ മാതാപിതാക്കളെ വിവരമറിയിച്ചത്. തുടര്‍ന്നാണ് ജീവന്‍ ഗൗഡയ്ക്കെതിരെ പൊലീസിനെ സമീപിച്ചത്', പെണ്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Engineering student assaulted in Bengaluru college washroom by her junior