
ബഹ്‌റൈനിൽ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനത്തിൽ ഉറങ്ങിപ്പോയ കിന്‍റർഗാർട്ടൻ വിദ്യാർത്ഥി മരണമടഞ്ഞു. നാലുവയസുകാരനായ ഹസൻ അൽ മഹരി എന്ന സ്വദേശി ബാലനാണ് മരണമടഞ്ഞത്. മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥി ചൂട് മൂലമുണ്ടായ തളർച്ചയെ തുടർന്നാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞ ദിവസം ഹമദ് ടൗൺ ഏരിയയിലായിരുന്നു സംഭവമുണ്ടായത്.
കിന്റർഗാർട്ടനിലേക്കുള്ള യാത്രക്കിടെ ഹസൻ വാഹനത്തിൽ ഉറങ്ങിപ്പോയതായി കുടുംബാംഗങ്ങൾ പറയുന്നു. മറ്റു കുട്ടികളെല്ലാം വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ, ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ഹസൻ വാഹനത്തിനുള്ളിൽ കിടന്നുറങ്ങിപോയിരുന്നു. വാഹനം വായു കടക്കാത്ത രീതിയിൽ അടച്ചിട്ടതിനാൽ മണിക്കൂറുകളോളം വാഹനത്തിൽ തന്നെ അകപ്പെടുകയായിരുന്നു. മടക്കയാത്രക്ക് കുട്ടികളെ ഒരുക്കുന്നതിനിടെ കിന്‍റർഗാർട്ടൻ ജീവനക്കാർ ഹസനെ കാണാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വാഹനത്തിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ബിഡിഎഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രരക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 'സ്കൂൾ ഗതാഗതത്തിന് ഔദ്യോഗിക അനുമതിയില്ലാത്ത വാഹനമാണത്. സംഭവത്തിൽ 40 കാരിയായ വനിത ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ കൊണ്ടുപോകാൻ അനുമതിയില്ലാത്ത വാഹനത്തിൽ കുട്ടിയെ ശ്രദ്ധിക്കാതെ പോയ വനിത ഡ്രൈവറുടെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.' ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ലൈസൻസില്ലാത്ത ഡ്രൈവർമാരുമായി കരാർ ഒഴിവാക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്കൂളുകളിലെയും കിന്‍റർഗാർട്ടനുകളിലെയും ജീവനക്കാർക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ കാമ്പയിനുകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Kindergarten student dies after falling asleep in school bus