
രാഷ്ട്രീയ കസേര കളികളുടെ വിളനിലമായ ഭൂമി, ചാഞ്ചാടുന്ന സർക്കാരുകളും അതിദരിദ്രരായ മനുഷ്യരും അതിവസിക്കുന്ന ദേശീയ രാഷ്ട്രീയത്തിലെ പ്രധാന കേന്ദ്രം. കൂറുമാറ്റങ്ങളും കുതികാൽ വെട്ടും കണ്ടു ശീലിച്ച ബിഹാർ ജനത മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴിൽപരമായുമെല്ലാം പിന്നാക്കം നിൽക്കുന്ന സംസ്ഥാനം. ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കപ്പെട്ട ഗ്രാമങ്ങളും, കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം അതിദരിദ്രരായ മനുഷ്യരുമാണ് ബിഹാറിലധികവും.
2021 ലെ നീതിആയോഗ് ആയോഗ് റിപ്പോർട്ട് പ്രകാരവും 2023 ൽ ബിഹാർ സർക്കാർ പുറത്തുവിട്ട ജാതി സെൻസസ് പ്രകാരവും രാജ്യത്ത് ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ എന്ന് വ്യക്തമാകും. നീതിആയോഗ് റിപ്പോർട്ട് പ്രകാരം ബിഹാറിലെ ആകെ ജനസംഖ്യയിൽ 51.91 ശതമാനം കുടുംബങ്ങളുടെയും ജീവിതം അതിദയനീയമാണ്. മാസവരുമാനം അടിസ്ഥാനമാക്കിയ ജാതിസെൻസ് പ്രകാരം ആകെ ജനസംഖ്യയുടെ 34 ശതമാനം പേർക്കും പ്രതിമാസം കേവലം 6000 രൂപയിൽ താഴെ മാത്രമാണ് വരുമാനം. 63 ശതമാനം കുടുംബങ്ങൾക്ക് പ്രതിമാസം 10000 രൂപ വരെയും വരുമാനം ലഭിക്കുന്നു. അതായത് 200 രൂപയും 300 രൂപയുമെല്ലാമാണ് ബിഹാറിലെ മനുഷ്യർക്ക് പ്രതിദിനം വരുമാനമായി ലഭിക്കുന്നത്. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ 200 രൂപ കൊണ്ട് ഒരു കുടുംബം എങ്ങനെ ജീവിക്കുമെന്ന് ഊഹിച്ചു നോക്കിയാൽ ഈ കണക്കുകളിലെ ഭീകരത മനസിലാകും.
ബിഹാറിലെ ആകെയുള്ള 2.978 കോടി കുടുംബങ്ങളിൽ കേവലം 4.47 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് 50000 ത്തിന് മുകളിൽ വരുമാനം ലഭിക്കുന്നത് എന്നതും ബിഹാറിലെ ഞെട്ടിപ്പിക്കുന്ന സത്യമാണ്. അവർ തന്നെയാണ് ബിഹാറിലെ സർവ്വ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥ തലത്തിലും പ്രവർത്തിക്കുന്നത്. ഇവരാകട്ടെ ബ്രാഹ്‌മണജാതികളുൾപ്പെടുന്ന ജനറൽ കാറ്റഗറിയിലുള്ളവരുമാണ്. അതായത് ജനസംഖ്യയിൽ ന്യൂനപക്ഷമായ വിഭാഗം സാമ്പത്തികമായും സാമൂഹികമായും വളരെയധികം മുന്നാക്കം നിൽക്കുന്നു എന്ന് ചുരുക്കം.
ബിഹാറിലെ അതിദാരിദ്ര്യം അവിടുത്തെ ജാതിസമവാക്യങ്ങളുമായി ചേർത്തു വായിക്കേണ്ട ഒന്നാണ്. 2023 ൽ ബിഹാർ സർക്കാർ പുറത്തു വിട്ട ജാതി സെൻസസ് റിപ്പോർട്ട് ആ ഭീകരത തുറന്നു കാണിക്കുന്നുണ്ട്. 1931 ൽ ബ്രിട്ടീഷ് സർക്കാർ ജാതിസെൻസസ് പുറത്തു വിട്ട ശേഷം രാജ്യത്ത് ആദ്യമായി പുറത്തുവന്ന ജാതിസെൻസസ് റിപ്പോർട്ടായിരുന്നു 2023 ഒക്ടോബർ രണ്ടിന് ബിഹാർ സർക്കാർ പുറത്തുവിട്ടത്. ഈ റിപ്പോർട്ട് പ്രകാരം ഒബിസി, എസ് സി, എസ് ടി എന്നിവർ ബിഹാർ ജനസംഖ്യയുടെ 84 ശതമാനം ആണ്. അതെസമയം ജനറൽ കാറ്റഗറിയിലുള്ളവർ ജനസംഖ്യയുടെ 15.5 ശതമാനം മാത്രമാണ്. പക്ഷെ ഇവർക്കാണ് ഭരണ-അധികാര ശ്രേണികളിൽ കൂടുതൽ പ്രാധിനിത്യമുള്ളത്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളാണ് ബിഹാറിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്നത്. ഒബിസി വിഭാഗവും സമാനമായ ദാരിദ്ര്യം അനുഭവിക്കുന്നു. പട്ടികജാതി വിഭാഗത്തിൽ 42.93 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ 42.7 ശതമാനവും ദിരിദ്രരാണ്.
ഇനി വിദ്യാഭ്യാസ പരമായും തൊഴിൽപരമായും ബിഹാർ എവിടെ നിൽക്കുന്നു എന്ന് കൂടി പരിശോധിച്ചാൽ കാര്യങ്ങളുടെ ഭീകരത വ്യക്തമാകും. 79.7 ശതമാനം മാത്രമാണ് ബിഹാറിലെ സാക്ഷരതാ നിരക്ക്. 52 ശതമാനം പേർക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. ഏഴു ശതമാനം പേർക്ക് മാത്രമാണ് ബിഹാറിൽ ബിരുദമുള്ളത്. ഇതിൽ തന്നെ ഒരു ശതമാനം പേർ മാത്രമാണ് ബിരുദാനന്തര ബിരുദം നേടിയത്. ബിഹാറിൽ തൊഴിലില്ലായ്മ നിരക്കും അതിരൂക്ഷമാണ്. ഞാൻ കണ്ട പത്തിൽ ഒമ്പതുപേരും തൊഴിൽ രഹിതരാണെന്ന് പറഞ്ഞ് നിതീഷ് കുമാർ സർക്കാരിനെ തേജസ്വി യാദവ് സമ്മർദ്ദത്തിലാക്കുന്നതും, തൊഴിലില്ലായ്മയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും സംസാരിക്കാൻ നിതീഷ് കുമാറിനെ നിർബന്ധിക്കുന്നതും കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളിലെല്ലാം രാജ്യം കണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴില്ലായ്മയും അതിദാരിദ്ര്യവും തന്നെയാണ് ബിഹാറിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ചർച്ചയാവാറുള്ളത്. തൊഴിലില്ലായ്മയും തൊഴിൽതേടിയുള്ള പലായനങ്ങളുമെല്ലാം ഇത്തവണയും പ്രധാന വിഷയം തന്നെയാണ്. ഏകദേശം 46ലക്ഷം ബിഹാറുകാരാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പലായനം ചെയ്തത്. 54.27ശതമാനം പേരും കൃഷിയടക്കമുള്ള പ്രാഥമിക മേഖലയിലും ജോലി ചെയ്യുന്നു. അതായത് ജനസംഖ്യയുടെ നല്ലൊരു പങ്കും വരുന്ന കുടിയേറ്റ തൊഴിലാളികളെയും കർഷകരെയും അഡ്രസ് ചെയ്യാതെ ബിഹാറിൽ ഒരു തെരഞ്ഞെടുപ്പ് അജണ്ടപോലും അസാധ്യമാണെന്ന് ചുരുക്കം.
ഇനി 243 അംഗ നിയമസഭയിലെ ജാതി പ്രാതിനിധ്യം പരിശോധിക്കുകയാണെങ്കിൽ ജനസംഖ്യയുടെ പത്തു ശതമാനം മാത്രമുള്ള ഭൂമിഹാർ, രജ്പുത്ത്, ബ്രാഹ്‌മണർ തുടങ്ങി ജനറൽ കാറ്റഗറിലുള്ള 64 എം എൽ എമാരാണുള്ളത്. ഒബിസി - ഇബിസിയിൽ നിന്ന് 46 പേരാണ് എം എൽ എമാരായുള്ളത്. ഇതിൽ മുസ്ലിംകളിൽ നിന്ന് 19 പേരും ദലിത് വിഭാഗങ്ങളിൽ നിന്ന് 39 പേരും നിയമസഭയിൽ അംഗങ്ങളാണ്. സർക്കാർ ജോലിയിലും സമാനമായ അസമത്വം കാണാൻ സാധിക്കും. ആകെയുള്ള 20.47 ലക്ഷം സർക്കാർ ജോലിക്കാരിൽ 6.41 ലക്ഷം പേരും ഉയർന്ന ജാതിക്കാരാണ്. അതായത് ജനസംഖ്യാനുപാതികമായ പ്രാധിനിത്യം ബിഹാറിലെവിടെയും മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കില്ല.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജാതിസെൻസസ് നടപ്പാക്കിയ സംസ്ഥാനമെന്ന ഖ്യാതിയോടെയാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന നിലയിൽ നിതീഷ് കുമാർ ജാതിസെൻസസ് പുറത്തുവിട്ടത്. എന്നാൽ ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും കണക്കുകൾ നിതീഷ്‌കുമാറിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. എടുത്തുപറയാൻ വികസനമൊന്നുമില്ലാത്ത എൻ ഡി എ സഖ്യം പതിവുപോലെ ജാതി സമുദായ കാർഡ് ഇറക്കുമെങ്കിലും ജാതിസെൻസസ് അവരെ തന്നെ തിരിഞ്ഞു കുത്തുമെന്ന് തീർച്ചയാണ്. 2021ൽ സുപ്രീംകോടതിയിൽ ജാതിസെൻസസിനെതിരെ നിലപാടെടുത്തെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കണ്ട് ബിജെപി യുടേൺ എടുക്കുകയാണുണ്ടായത്. ജാതിരാഷ്ട്രീയത്തിന് കാര്യമായ വളക്കൂറുള്ള ബിഹാറിലെ ജാതി സമവാക്യങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്രത്തോളം പ്രതിഫലിക്കും എന്നതിന്റെ നേർചിത്രം കൂടിയായിരുന്നു ബിജെപിയുടെ ഈ നിലപാട് മാറ്റം. അപ്പോഴും ജാതിസെൻസസിലെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ ബിഹാർ രാഷ്ട്രീയത്തെ എങ്ങനെ നിർണയിക്കുമെന്ന് കാത്തിരുന്നു കാണാം.
Content Highlights: Who will be affected by the caste census in Bihar elections?