ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാം; സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

രാവിലെ 6 മുതല്‍ 8 വരെയും രാത്രി 8 മുതല്‍ 10 മണി വരെയും പടക്കം ഉപയോഗിക്കാന്‍ അനുമതി

ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാം; സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി
dot image

ഡല്‍ഹി: ദീപാവലിയോട് അനുബന്ധിച്ച് ഡല്‍ഹി-എന്‍സിആറില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി. എന്‍ഇഇആര്‍ഐ(നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) സാക്ഷ്യപ്പെടുത്തിയ ഹരിത പടക്കങ്ങള്‍ മാത്രം വില്‍ക്കാനും ഉപയോഗിക്കാനുമാണ് അനുമതിയുള്ളത്. കൂടാതെ, ഒക്ടോബര്‍ 18 മുതല്‍ 21 വരെ മാത്രമാണ് പടക്കങ്ങള്‍ ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കിയിരിക്കുന്നത്.

മേല്‍ പറഞ്ഞ കാലയളവിന് ശേഷം ഈ പടക്കങ്ങളുടെ വില്‍പ്പനയ്ക്കുള്ള നിരോധനം തുടരും. ഈ നിരോധന നിയമം ലംഘിക്കുന്ന പടക്ക നിര്‍മ്മാതാക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. സാക്ഷ്യപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് നിയുക്ത സ്ഥലങ്ങളില്‍ മാത്രമേ ഹരിത പടക്കങ്ങള്‍ വില്‍ക്കാന്‍ കഴിയൂ. ഹരിത പടക്കങ്ങളുടെ ആധികാരികത ഉപഭോക്താകള്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ ക്യൂ ആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കും എന്നുമാണ് കോടതി നിര്‍ദേശം. ഈ പടക്കങ്ങളുടെ നിര്‍മ്മാണത്തിലും വില്‍പ്പനയിലും ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി മോണിറ്ററിംഗ് ടീമുകള്‍ രൂപീകരിക്കാന്‍ പൊലീസിനും സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.

പടക്കം ഉപയോഗിക്കാവുന്ന സമയത്തിനും കോടതി പരിധി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ആറിനും എട്ടിനും ഇടയ്ക്കും രാത്രി എട്ടിനും പത്ത് മണിയ്ക്കും ഇടയ്ക്കുമാണ് പടക്കം ഉപയോഗിക്കാന്‍ അനുമതി. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായാണ് കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിലെ നിര്‍ദേശങ്ങള്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ കൃത്യമായി നടപ്പിലാക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദര്‍ സിംഗ് സിസ്ര അറിയിച്ചു.

Content Highlights: Supreme Court allowed use of green firecrackers in Delhi-NCR on Diwali and set a time limit

dot image
To advertise here,contact us
dot image