
ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയിൽ പങ്കെടുത്ത് വൈറലായ ഇഷിത് ബട്ടിനെതിരെ വ്യാപകമായ സൈബർ വിമർശനമാണ് ഉയർന്ന് വന്നത്. എന്നാൽ സെലിബ്രിറ്റികളും എന്തിന് ഡോക്ടർമാരും ഉൾപ്പെടെ കുട്ടിക്കെതിരെ ഉയരുന്ന വിമർശനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ്. ഷോയുടെ അവതാരകനായ അമിതാഭ് ബച്ചനോട് വളരെ പരുഷമായും ബഹുമാനമില്ലാതെയും കുട്ടി സംസാരിക്കുന്നതാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചത്. ഷോയിൽ പ്രൈസ് മണിയൊന്നും ലഭിക്കാതെ കുട്ടി പുറത്തായപ്പോൾ ഇത്രയും സംതൃപ്തി തന്നൊരു അവസാനം വേറെയില്ലെന്നും പോലും പലരും അഭിപ്രായപ്പെടുകയും ചെയ്തു.
എന്നാൽ ഒരു പത്തു വയസുകാരന്റെ ഈ പ്രവൃത്തിയെ ഇത്രയും രൂക്ഷമായി വിമർശിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നാണ് സംരംഭകനായ ഒരു വ്യക്തി ചൂണ്ടിക്കാട്ടിയത്. മാത്രമല്ല കുട്ടിയുടെ ഇത്തരം പ്രവർത്തികൾ അവൻ വളർന്നുവന്ന സാഹചര്യത്തിന്റേതുമാവാം, ഇതിനെ സിക്‌സ് പോക്കറ്റ് സിൻഡ്രോം എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഇഷിത് ബട്ട് ഓപ്ഷൻ ഒന്നും ലഭിക്കാതെ തന്നെ ഉത്തരം പറയാൻ ശ്രമിച്ചതെല്ലാം വലിയ രീതിയിലാണ് വിമർശിക്കപ്പെട്ടത്. അതിനിടയിൽ കുട്ടിയെ കൃത്യമായി കൈകാര്യം ചെയ്ത അമിതാഭ് ബച്ചനെ എല്ലാവരും അഭിനന്ദിക്കുന്നുമുണ്ട്.
ഇഷിത് ദത്തിന് സിക്‌സ് പോക്കറ്റ് സിൻഡ്രോം ആണെന്ന് എവിടെയും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കുട്ടിയുടെ ഈ പ്രവർത്തികളുടെ പിന്നിലെ കാരണം ചിലപ്പോൾ ഇതാവാമെന്നാണ് അധ്യാപകനായ ശേഖർ ദത്തും തന്റെ എക്‌സ് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ആ കുട്ടിയെ ട്രോളുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഈ അവസ്ഥയെ കുറിച്ച് വിവരിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ചൈനയിൽ ബാധിച്ച ഒരു അവസ്ഥയുടെ അലകൾ ഇപ്പോൾ ഇന്ത്യയിലും കണ്ടു തുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പല ദമ്പതികളും തങ്ങൾക്ക് ഒരു കുഞ്ഞ് മാത്രം മതിയെന്ന് തീരുമാനിക്കും. ഈ കുഞ്ഞുങ്ങളാകും മാതാപിതാക്കളുടെയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും എല്ലാം എല്ലാം. ഒറ്റ കുട്ടിയെന്ന പരിഗണനയിൽ ഇവരുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പം നിൽക്കുകയും അവരോട് ഒന്നിനും നോ പറയുകയും ചെയ്യില്ല. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികളിലൊരാളാവാം ഇഷിത് ദത്ത്. അതിറയാതെ അവനെ ഒറ്റപ്പെടുത്തിയും ട്രോളിയും വിമർശിക്കുന്നത് ശരിയല്ലെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയെ കുറിച്ച് പേരന്റിങ് കോച്ചും കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ പരംജീത്ത് സിങും വിശദീകരിക്കുന്നുണ്ട്.
ചൈനയിലെ ഒറ്റ കുട്ടി നയത്തിന്റെ അന്തരഫലമായി ഉയർന്ന് വന്ന അവസ്ഥയാണ് സിക്‌സ് പോക്കറ്റ് സിൻഡ്രോം. വീട്ടിലെ 'രാജാവ്' എന്ന നിലയിലേക്ക് കുഞ്ഞുങ്ങൾ പരിഗണിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരുതരം അവസ്ഥയാണിതെന്ന് ഡോക്ടർ പറയുന്നു.
Content Highlights: Six pocket Syndrome on focus after 10year old's rude behaviour in KBC