
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിൽ ഉള്ള നിർമാണ കമ്പനിയായ വേഫറെർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചു എന്ന ആരോപണത്തിന് വിധേയനായ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെർ ഫിലിംസ്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ വേഫറെർ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് വേഫറെർ ഫിലിംസ് പരാതി നൽകിയത്.
വേഫറെർ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫറെർ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും, മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിംഗ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും അവർ അഭ്യർത്ഥിച്ചു. അതോടൊപ്പം ദിനിൽ ബാബുവുമായി വേഫറെർ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും വേഫേററിന്റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ല എന്നും അവർ അറിയിച്ചു.
വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആരംഭിക്കുന്നെണ്ടെന്നും അതിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാം എന്ന ആവശ്യവുമായി തന്നെ ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വരാനാണ് ആവശ്യപ്പെട്ടത് എന്നും യുവതി വെളിപ്പെടുത്തി. ആരോപണത്തിനൊപ്പം ദിനിൽ ബാബുവിന്റെ ശബ്ദ സന്ദേശവും യുവതി പരസ്യപ്പെടുത്തി. അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. തനിക്ക് വഴങ്ങിയില്ലെങ്കിൽ മലയാള സിനിമയിൽ ഇനി അവസരം ലഭിക്കില്ല എന്ന് ദിനിൽ ബാബു ഭീഷണിപ്പെടുത്തി എന്നും യുവതി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ഭർത്താവ് തക്ക സമയത്ത് അവിടെ എത്തിച്ചേർന്നത് കൊണ്ട് മാത്രമാണ് താൻ രക്ഷപെട്ടതെന്നും ലേഡി സ്റ്റാഫും പ്രൊഡക്ഷൻ ആളുകളും അവിടെ ഉണ്ടാകും എന്ന ഉറപ്പ് തന്നാണ് തന്നെ ദിനിൽ ആ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തിയത് എന്നും യുവതി വെളിപ്പെടുത്തി. പീഡന ശ്രമം പരാജയപെട്ടതിനു ശേഷം ദിനിലിനോട് അതേ കുറിച്ച് ചോദിച്ചപ്പോൾ പണം തരാമെന്നും മാപ്പു പറയാൻ തയ്യാറല്ലെന്നുമാണ് ദിനിൽ പറഞ്ഞതെന്നും യുവതിയും ഭർത്താവും മാധ്യമങ്ങളോട് വിശദീകരിച്ചു. എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Wayfarer Films files complaint against associate director