
കാലിഫോര്‍ണിയ: അമേരിക്കയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ എതിര്‍ത്തതിന് ഇന്ത്യക്കാരനെ വെടിവെച്ചുകൊന്നു. ഹരിയാനയിലെ ജിന്ദ് ജില്ലക്കാരനായ കപിലാണ് (26) കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലായിരുന്നു സംഭവം. കാലിഫോര്‍ണിയയിലുളള ഒരു കടയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു കപില്‍. ഒരാള്‍ കടയ്ക്ക് മുന്നില്‍ മൂത്രമൊഴിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട കപില്‍ അത് തടയുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ കപിലിനെ അക്രമി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൂന്നുവര്‍ഷം മുന്‍പാണ് കപില്‍ അമേരിക്കയിലേക്ക് പോയത്. പനാമ കാടുകള്‍ കടന്ന് മെക്‌സികോ അതിര്‍ത്തി വഴിയാണ് കപില്‍ അമേരിക്കയിലെത്തിയത്. ആദ്യം അറസ്റ്റിലായ കപില്‍ നിയമനടപടികള്‍ക്കുശേഷം ജയില്‍ മോചിതനായി. പിന്നീട് അവിടെ തന്നെ ജോലി ചെയ്ത് തുടരുകയായിരുന്നു. കപിലിന്റെ പിതാവ് കര്‍ഷകനാണ്. മാതാവും രണ്ട് സഹോദരിമാരും ഉള്‍പ്പെടുന്നതാണ് കപിലിന്റെ കുടുംബം. കപിലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും ഹരിയാന സര്‍ക്കാരിനോടും കുടുംബം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മെയ് മാസവും ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അമേരിക്കക്കാരനായ പ്രതി സൂപ്പര്‍മാര്‍ക്കറ്റ് കൊളളയടിക്കാനായി എത്തുകയും ഇത് തടയുന്നതിനിടെ ഇന്ത്യൻ വംശജനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Content Highlights: Haryana Man shot dead in US for stopping another man from urinating in public