
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെഡി, ബിആർഎസ് പാർട്ടികൾ തീരുമാനിച്ചതായാണ് സൂചന. വൈകിട്ട് എൻഡിഎയുടെയും ഇൻഡ്യ സഖ്യത്തിന്റെയും യോഗങ്ങൾ ഡൽഹിയിൽ ചേരും.
എൻഡിഎ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. വോട്ടെടുപ്പ് സംബന്ധിച്ച വർക്ക്ഷോപ്പുകളും ഡൽഹിയിൽ തുടരുകയാണ്. അതിനിടെ ലാലു പ്രസാദ് യാദവുമായി ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡി കൂടിക്കാഴ്ച നടത്തിയത് വിവാദമായി. കാലിത്തീറ്റ കുംഭകോണ കേസിലെ കുറ്റവാളിയായ ലാലുവിനെ കണ്ടതോടെ ജസ്റ്റിസ് സുദർശൻ റെഡ്ഡി ഭരണഘടനാ ധാർമ്മികത മറികടന്നിരിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി ഒറ്റകെട്ടായി നിൽക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ബിഹാറുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റിൽ പ്രതികരിക്കാനില്ല. പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞു. വിഷയത്തിൽ കെപിസിസി പ്രസിഡന്റും പ്രതികരിക്കും. കോൺഗ്രസ് സോഷ്യൽ മീഡിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Content Highlights: vice president election tomorrow