'ഈ പ്രിന്റ് മൊബൈലിന് ഓക്കെയാണ്, ഇതാണോ 4K ?', 'സാമ്രാജ്യം' റീ റിലീസ് ടീസറിന് ട്രോൾമഴ

4K റീമാസ്റ്റർ പ്രിന്റ് എന്നതരത്തിൽ പുറത്തുവിട്ട ടീസറിന് 720p യുടെ ക്വാളിറ്റി പോലുമില്ല എന്നാണ് പലരും കുറിക്കുന്നത്

'ഈ പ്രിന്റ് മൊബൈലിന് ഓക്കെയാണ്, ഇതാണോ 4K ?', 'സാമ്രാജ്യം' റീ റിലീസ് ടീസറിന് ട്രോൾമഴ
dot image

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ 'സാമ്രാജ്യം' റീ റിലീസിന് ഒരുങ്ങുകയാണ്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുന്നത്. സിനിമയുടെ പുതിയ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ റിലീസിന് പിന്നാലെ വ്യാപക ട്രോളുകളാണ് ടീസറിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ ക്വാളിറ്റിയെ ചൂണ്ടിക്കാണിച്ചാണ് ട്രോളുകൾ ഉയരുന്നത്. 4K റീമാസ്റ്റർ പ്രിന്റ് എന്നതരത്തിൽ പുറത്തുവിട്ട ടീസറിന് 720p യുടെ ക്വാളിറ്റി പോലുമില്ല എന്നാണ് പലരും കുറിക്കുന്നത്. 'ഈ പ്രിന്റ് മൊബൈലിന് ഓക്കെയാണ്', 'ഭാവന സ്റ്റുഡിയോസിലെ മഹേഷേട്ടൻ ആണോ 4K യിലേക്ക് കൺവേർട്ട് ചെയ്തത്', 'ഇത് എവിടത്തെ 4K ആണ്' എന്നിങ്ങനെയാണ് ടീസറിന് താഴെവരുന്ന കമന്റുകൾ. നേരത്തെ മമ്മൂട്ടി ചിത്രമായ ആവനാഴി റീ റിലീസ് ചെയ്തപ്പോഴും ക്വാളിറ്റിയെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.

ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് 'സാമ്രാജ്യം" പ്രദർശനത്തിനെത്തിയത്. അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ നിർമ്മാണ ചിലവ് വന്ന ചിത്രമാണിത്. മമ്മൂട്ടിയെ സ്റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം സ്ലോ മോഷന്റെ ഗംഭീരമായ ഉപയോഗം കൊണ്ടും സിനിമാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടി.

ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

content highlights: samrajyam 4k teaser gets trolled for quality

dot image
To advertise here,contact us
dot image