
കീവ്: ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയ അമേരിക്ക നിലപാടിനെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യ നയതന്ത്രപരമായ നീക്കം നടത്തുന്നതിനിടെയാണ് സെലൻസ്‌കിയുടെ പ്രതികരണം. റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്ക്‌മേൽ തീരുവ ചുമത്തിയത് ശരിയായ ആശയമാണെന്നായിരുന്നു സെലൻസ്‌കി എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സെലൻസ്‌കിയുടെ പ്രതികരണം.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നുവെന്ന കാരണത്താൽ ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയത്. ഇത് ആഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു. അതേസമയം പുടിനുമേൽ അധിക സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം സെലൻസ്‌കി അഭിമുഖത്തിലും ആവർത്തിച്ചു. നമ്മൾ പുടിനുമേൽ അധിക സമ്മർദ്ദം ചെലുത്തണം. അക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ശരിയായ തീരുമാനമാണ് കൈക്കൊള്ളുന്നതെന്നും സെലൻസ്‌കി പറഞ്ഞു.യുക്രെയ്നുമായുള്ള പ്രശ്‌നങ്ങൾ അവസാനിക്കും വരെ റഷ്യയുമായുള്ള വ്യാപാര ബന്ധം എല്ലാവരും അവസാനിപ്പിക്കണമെന്നും സെലൻസ്‌കി പറഞ്ഞു.
അതേസമയം റഷ്യക്കെതിരെ കൂടുതൽ ഉപരോധം നടപ്പാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. എന്നാൽ റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യത്തിനായി ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുക്രെയ്ൻ വിദേശകാര്യമന്ത്രിയെ അറിയിച്ചിരുന്നു. കഴിഞ്ഞമാസം സെലൻസ്‌കിയുമായി നരേന്ദ്രമോദി രണ്ട് തവണയാണ് സംസാരിച്ചത്. സംഘർഷത്തിന് എത്രയും വേഗം സമാധാനപരമായ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് സെലൻസ്‌കിയെ അറിയിച്ചതായി മോദി പിന്നാലെ എക്‌സിൽ കുറിച്ചിരുന്നു. ഇതിനായി സാധ്യമായ എല്ലാം ചെയ്യുമെന്നും സെലൻസ്‌കിയോട് മോദി പറഞ്ഞിരുന്നു.
Content Highlights : Zelensky on Donald Trump slapping tariff on india for buying Russian oil