
ഇന്ത്യൻ സൂപ്പർ ലീഗ് സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയെ തട്ടകത്തിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻബഗാൻ, ബെംഗളൂരു എഫ്‌സി, ഒഡീഷ എഫ്‌സി തുടങ്ങിയ കളിച്ച ടീമുകൾക്കെല്ലാം മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയ വിദേശ കളിക്കാരിലൊരാളാണ് റോയ് കൃഷ്ണ. മികച്ച പരിചയസമ്പത്താണ് താരത്തെ വ്യത്യസ്തനാക്കുന്നത്. വേഗത, കൃത്യമായ ഫിനിഷിംഗ്, ലീഡർഷിപ്പ് ഇവയൊക്കെയാണ് ഈ ഫിജിയൻ സ്ട്രൈക്കറെ വ്യത്യസ്തനാക്കുന്നത്. റോയ് കൃഷ്ണ കൂടി വരുന്നതോടെ മലപ്പുറത്തിന്റെ മുന്നേറ്റം കൂടുതല്‍ കരുത്താര്‍ജിക്കും.
ഓസ്ട്രേലിയൻ എ-ലീഗിൽ നിന്ന് കൊൽക്കത്തൻ ക്ലബായ എടികെ മോഹൻബഗാനിൽ എത്തിയ കൃഷ്ണ 2019–20 (15 ഗോൾ, 6 അസിസ്റ്റ്), 2020–21 (14 ഗോൾ,8 അസിസ്റ്റ്) സീസണുകളിൽ ഐഎസ്എൽ ടോപ് സ്കോറർ ആയിരുന്നു. 2021–22 സീസണിൽ 7 ഗോളും 4 അസിസ്റ്റും നേടിയിട്ടുണ്ട്. 2019–20 സീസണിൽ ഐഎസ്എൽ കിരിടം നേടുകയും 2020–21 സീസണിൽ റണ്ണർ അപ്പാവുകയും ചെയ്തു.മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്നായി 39 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
മോഹൻ ബഗാനിൽ നിന്നും നേരെപോയത് ബെംഗളൂരു എഫ്.സിയിലേക്കായിരുന്നു. 2022-23 ഐഎസ്എൽ സീസണിൽ 22 മത്സരങ്ങളിൽ നിന്നും 6 ഗോളുകളും 5 അസിസ്റ്റും നേടി. ബെംഗളൂരുവിനൊപ്പം 2022ൽ ഡ്യൂറൻഡ് കപ്പ് നേടുകയും 2023ൽ സൂപ്പർ കപ്പിൽ റണ്ണർഅപ്പാവുകയും ചെയ്തു. പിന്നീട് ഒഡീഷ എഫ്സിയിലേക്ക് ചേക്കേറിയ താരം 2023–24 സീസണിൽ മാത്രം 13 ഗോളുകൾ നേടി ഒരു സീസണിൽ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് സ്വന്തമാക്കി. രണ്ട് സീസണുൾപ്പെടെ ഒഡീഷയ്ക്ക് വേണ്ടി ആകെ 47 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 6 അസിസ്റ്റും നേടിയിട്ടുണ്ട്.
ഇന്ത്യൻ വംശജനായ റോയ് കൃഷ്ണയ്ക്കു ന്യൂസീലൻഡ് പൗരത്വവുമുണ്ടെങ്കിലും ഫിജിയുടെ ദേശീയ ടീമിലാണു കളിക്കുന്നത്. ഫിജി ദേശീയ ടീമിന്റെ നായകൻ കൂടിയാണ് ഈ 38കാരൻ.രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡും റോയ് കൃഷ്ണയുടെ പേരിലാണ്. 61 കളികളിൽ നിന്നും 44 ഗോളുകളാണ് റോയിയുടെ സമ്പാദ്യം. മാത്രമല്ല ഫിജി ദേശീയ ടീമിനായി 50 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ കളിക്കാരൻ കൂടിയാണ് താരം.
ഓക്ക്‌ലാൻഡ് സിറ്റി എഫ്‌സി, വെയ്റ്റക്കരെ യുണൈറ്റഡ് തുടങ്ങിയ ന്യൂസിലാന്റ് ക്ലബുകൾക്കും ഓസ്‌ട്രേലിയൻ എ-ലീഗ് ടീമായ വെല്ലിംഗ്ടൺ ഫീനിക്സ് എഫ്സിയിലും റോയ് പന്ത് തട്ടിയിട്ടുണ്ട്.മലപ്പുറം എഫ്സി ഈ സീസണില്‍ സ്വന്തമാക്കുന്ന ആറാമത്തെ വിദേശതാരമാണ് റോയ് കൃഷ്ണ.നേരത്തെ ഐറ്റർ അൽദലൂർ, ജോൺ കെന്നഡി,സെർജിയോ ഗോൺസാലസ്, ഫാകുണ്ടോ ബല്ലാർഡോ, കമ്രോൺ തുർസനോവ് എന്നീ താരങ്ങളെ ടീമിലെത്തിച്ചിരുന്നു.
മലപ്പുറം എഫ്സിയിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി. "സൂപ്പർ ലീഗ് കേരളയുടെ ഈ സീസണിൽ മലപ്പുറം എഫ്‌സിക്കായി സൈൻ ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇങ്ങനെയൊരു കരാർ എനിക്ക് നൽകിയതിൽ ക്ലബിനോട് ഒരുപാട് നന്ദിയുണ്ട്, ഈ ലീഗിന്റെ ആവേശവും ആരാധകരുടെ ഊർജ്ജവും നേരിട്ട് അനുഭവിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ തിരിച്ചെത്താനും വളരെ പെട്ടെന്ന് തന്നെ കളത്തിലിറങ്ങാനും ഞാൻ ആഗ്രഹിക്കുന്നു" റോയ് കൃഷ്ണ വ്യക്തമാക്കി.
Content Highlights: Malappuram Football Club brings ISL star striker Roy Krishna to the club