
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന് ദക്ഷിണാഫ്രിക്കൻ ടീമിന് പിഴവിധിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. നിശ്ചിത സമയത്ത് ഒരു ഓവർ കുറവായിരുന്നു ദക്ഷിണാഫ്രിക്ക എറിഞ്ഞത്. ഇതിന് മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് താരങ്ങൾ പിഴ നൽകേണ്ടത്.
മാച്ച് റഫറി ജവഹർലാൽ ശ്രീനാഥാണ് ദക്ഷിണാഫ്രിക്ൻ ടീമിന് പിഴ വിധിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ നടപടി അംഗീകരിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ പരാജയമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കയെ 342 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ചരിത്ര വിജയം ആഘോഷിച്ചു. 2023ൽ തിരുവന്തപുരത്തുവെച്ച് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ 317 റൺസിന്റെ വിജയമെന്ന റെക്കോർഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെടുത്തു. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 400 റൺസെന്ന നേട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിന് സാധിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും ഏഴ് തവണ വീതം 400 റൺസെന്ന നേട്ടത്തിലെത്തിയിട്ടുണ്ട്. എട്ട് തവണ 400 റൺസ് നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയാണ് ഈ റെക്കോർഡിൽ മുന്നിലുള്ളത്.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക നിരുപാധികം തകർന്നുവീണൂ. മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 20 റൺസെടുത്ത കോർബിൻ ബോഷാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. 20.5 ഓവറിൽ വെറും 72 റൺസിൽ ദക്ഷിണാഫ്രിക്കൻ സംഘം കിതച്ചുവീണൂ.
Content Highlights: South Africa cricket fined for slow over rate