ധര്‍മസ്ഥല: മുൻ ശുചീകരണ തൊഴിലാളിക്ക് അഭയം നൽകിയ മഹേഷ് ഷെട്ടി തിമറോടിയുടെ വസതിയിൽ എസ്‌ഐടി റെയ്ഡ്

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ മഹേഷ് ഷെട്ടി തിമറോടി നിലവില്‍ ജാമ്യത്തിലാണ്

dot image

ബെംഗളൂരു: ധര്‍മസ്ഥലയില്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയെ സഹായിച്ച രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടില്‍ എസ്‌ഐടി റെയ്ഡ്. മഹേഷ് ഷെട്ടി തിമറോടിയുടെ ഉജിരെയിലുളള വീട്ടിലാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. നേരത്തെ അറസ്റ്റിലായ മുന്‍ ശുചീകരണ തൊഴിലാളി സിഎന്‍ ചിന്നയ്യയും റെയ്ഡില്‍ എസ്‌ഐടി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമാസം ചിന്നയ്യയ്ക്ക് മഹേഷ് ഷെട്ടി തിമറോടിയാണ് സ്വന്തം വീട്ടില്‍ അഭയം നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ തിമറോടി നിലവില്‍ ജാമ്യത്തിലാണ്.

ധര്‍മസ്ഥലയിലെ വിവാദങ്ങളെക്കുറിച്ച് വീഡിയോ ചെയ്തതിന്റെ പേരില്‍ കേസെടുത്തതിനെ തുടര്‍ന്ന് യൂട്യൂബര്‍ സമീര്‍ എംഡി കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് സമീര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ജൂണ്‍ 21-ന് സമീറിന് ദക്ഷിണ കന്നഡ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ധര്‍മസ്ഥല കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യ്ക്ക് കൈമാറണമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടിരുന്നു. കേസ് സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ഭക്തര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും വിജയേന്ദ്ര പറഞ്ഞിരുന്നു.

ഓഗസ്റ്റ് 23-നാണ് സി എൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇയാളുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ധർമസ്ഥലയിലെ നിലവിലെ ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ക്ഷേത്രനഗരം നേരിടുന്നതെന്നും അത് ഭക്തര്‍ക്കും പ്രദേശവാസികള്‍ക്കും വലിയതോതില്‍ ദുഖമുണ്ടാക്കിയെന്നും വീരേന്ദ്ര ഹെഗ്‌ഡെ പറഞ്ഞു. സത്യം ജയിക്കുമെന്നും നീതി നടപ്പിലാകുമെന്നും ഹെഗ്‌ഡെ പറഞ്ഞു.

ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു സിഎൻ ചിന്നയ്യയുടെ വെളിപ്പെടുത്തൽ. അവസാനം കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു അദ്ദേഹം പരാതി നൽകിയത്. ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുളള തെളിവുകള്‍ വ്യാജമാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൊഴി അനുസരിച്ച് ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളില്‍ നിന്ന് മാത്രമാണ് അസ്തികള്‍ ലഭിച്ചത്. പുരുഷന്റെ അസ്തിയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഈ അസ്തികളുടെ ഫൊറന്‍സിക് പരിശോധനാ ഫലവും പുറത്തുവരാനുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന.

Content Highlights:SIT Raid in Mahesh Shetty Thimarodi house in ujire, who sheltered dharmasthala case whisleblower

dot image
To advertise here,contact us
dot image