ധര്‍മസ്ഥല കേസ്: മുന്‍ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് വീരേന്ദ്ര ഹെഗ്‌ഡെ

ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു

dot image

ബെംഗളൂരു: ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ധര്‍മാധികാരി വീരേന്ദ്ര ഹെഗ്‌ഡെ. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ക്ഷേത്രനഗരം നേരിടുന്നതെന്നും അത് ഭക്തര്‍ക്കും പ്രദേശവാസികള്‍ക്കും വലിയതോതില്‍ ദുഖമുണ്ടാക്കിയെന്നും വീരേന്ദ്ര ഹെഗ്‌ഡെ പറഞ്ഞു. സത്യം ജയിക്കുമെന്നും നീതി നടപ്പിലാകുമെന്നും ഹെഗ്‌ഡെ പറഞ്ഞു. ക്ഷേത്രത്തിനും ക്ഷേത്രാധികാരികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ധര്‍മസ്ഥലയിലെത്തിയ ജനക്കൂട്ടത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തെറ്റായ പരാതിയും തെളിവുകളും സമര്‍പ്പിച്ചതിനാണ് എസ് ഐ ടി ഇയാളെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനുപിന്നാലെ ഇയാളുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതുവരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ മുഖംമറച്ചാണ് അന്വേഷണസംഘം തെളിവെടുപ്പിനടക്കം മുന്‍ ശുചീകരണ തൊഴിലാളിയെ എത്തിച്ചിരുന്നത്.

സി എന്‍ ചിന്നയ്യ എന്നാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ പേര് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാള്‍. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം 45 വയസ് പ്രായമുണ്ട് ചിന്നയ്യക്ക്. ചിന്നയ്യയുടെ ചിത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുളള തെളിവുകള്‍ വ്യാജമാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇയാളുടെ മൊഴി അനുസരിച്ച് ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളില്‍ നിന്ന് മാത്രമാണ് അസ്തികള്‍ ലഭിച്ചത്. പുരുഷന്റെ അസ്തിയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഈ അസ്തികളുടെ ഫൊറന്‍സിക് പരിശോധനാ ഫലവും പുറത്തുവരാനുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന.

അതിനിടെ 2003-ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യാ ഭട്ടിന്റെ അമ്മ, തനിക്ക് അങ്ങനൊരു മകൾ ഇല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. അന്ത്യകർമങ്ങൾ ചെയ്യാൻ മകളുടെ ഒരു അസ്തിയെങ്കിലും നിങ്ങളെനിക്ക് തരണം, മറ്റൊന്നും വേണ്ട എന്ന് പറഞ്ഞ് നേരത്തെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ സുജാത ഭട്ട്, ഇന്ന് ഒരു യൂട്യൂബ് ചാനലിനോടാണ്  തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും പറഞ്ഞത്. ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി തുടങ്ങിയവരുടെ നിര്‍ബന്ധപ്രകാരമാണ് അത്തരമൊരു കാര്യം പറഞ്ഞതെന്നും തന്റെ കുടുംബസ്വത്ത് ധർമസ്ഥല അധികാരികൾ ഏറ്റെടുത്തതിൽ തനിക്ക് പരിഭവമുണ്ടായിരുന്നെന്നുമാണ് സുജാത ഇപ്പോൾ പറയുന്നത്.

'എന്റെ ഒപ്പില്ലാതെ മുത്തച്ഛന്റെ സ്വത്ത് കൈമാറിയതില്‍ എനിക്ക് പരിഭവമുണ്ടായിരുന്നു. ഗിരീഷ് മട്ടന്നവരും മറ്റുള്ളവരും എന്നെ പ്രകോപിപ്പിക്കുകയും ധര്‍മസ്ഥലയില്‍ നിന്ന് മകളെ കാണാതായെന്ന് പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തെറ്റായ വിവരം പറഞ്ഞതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. നമ്മുടെ ദൈവത്തെ ജൈനര്‍ക്ക് വിട്ടു കൊടുത്തതിലും എനിക്ക് പരിഭവമുണ്ടായിരുന്നു. കുറച്ച് മാസം മുമ്പ് ഗിരീഷ് എന്നെ വന്ന് കണ്ട് എന്റെ കൂടെ നില്‍ക്കുമെന്ന് പറഞ്ഞു. അവര്‍ എനിക്ക് ഒരു രൂപ പോലും തന്നിട്ടില്ല. പക്ഷേ, എന്റെ ആരോപണം ഇത്രയും വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് അറിയില്ലായിരുന്നു.', അവര്‍ പറഞ്ഞു.

എസ്‌ഐടി സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ബെല്‍ത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എസ്‌ഐടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സുജാതയുടെ വെളിപ്പെടുത്തല്‍. അനന്യ ഭട്ടിന്റെ പേരില്‍ സുജാത ഉയര്‍ത്തിക്കാട്ടിയ ചിത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അനന്യ മെംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു എന്നാണ് സുജാത പറഞ്ഞത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ അനന്യ പഠിച്ചതുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്ന് എസ്‌ഐടി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രവുമല്ല സുജാത ഉയര്‍ത്തിക്കാട്ടിയ ചിത്രം സുജാതയുമായി പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlights: D veerendra heggade welcomes complainant former sanitation workers arrest in dharmasthala

dot image
To advertise here,contact us
dot image