
കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെ രസകരമായ അനുഭവം പങ്കുവെച്ച് മുൻ പാകിസ്താൻ പേസർ വസീം അക്രം. അന്ന് താൻ കൂടുതൽ ഭാരമുള്ള ഒരു ബാഗ് കൊണ്ടുനടക്കാറുണ്ടായിരുന്നുവെന്നും ഒരു ദിവസം പരിശോധിച്ചപ്പോൾ അതിൽ നിന്ന് വലിയ ഇഷ്ടിക കണ്ടെത്തിയിരുന്നെന്നും പറയുകയാണ് വസീം അക്രം. ഇതിന് കാരണം ഇംഗ്ലണ്ടിന്റെ മുൻ ക്രിക്കറ്റ് താരം മൈക്കൽ വാട്ട്കിൻസന്റെ പ്രാങ്ക് ആയിരുന്നുവെന്നാണ് അക്രം സ്റ്റിക്ക് ടു ക്രിക്കറ്റിന് നൽകിയ പോഡ്കാസ്റ്റിൽ പറയുന്നത്.
"ഞങ്ങളുടെ കൈവശം ക്രിക്കറ്റ് ബാഗുകൾ ഉണ്ടായിരുന്ന ആ ദിവസങ്ങൾ ഓർക്കുന്നുണ്ടോ? ചക്രങ്ങളില്ലാത്ത ശവപ്പെട്ടികൾ എന്നാണ് ഞങ്ങൾ അവയെ വിളിച്ചിരുന്നത്. ഇപ്പോഴത്തെ ക്രിക്കറ്റ് താരങ്ങൾ അത് സ്വയം എടുത്തുകൊണ്ടുപോവുകയോ അല്ലെങ്കിൽ ആളുകൾ നിങ്ങൾക്കായി അത് കൊണ്ടുപോവുകയും ചെയ്യാറുണ്ട്. എന്നാൽ അന്നത്തെ കാലത്ത് കൗണ്ടി ക്രിക്കറ്റിൽ ഞങ്ങളുടെ കിറ്റ്ബാഗുകൾ സ്വയം കൊണ്ടുപോകണമായിരുന്നു. ഞാൻ വളരെ ചെറുപ്പമായിരുന്നു, 21 വയസ്സായിരുന്നു. എന്റെ വസ്ത്രങ്ങൾ എങ്ങനെ കഴുകണമെന്ന് പോലും എനിക്ക് അന്നറിയില്ലായിരുന്നു. പാകിസ്താനിൽ എല്ലാം അമ്മ അത് ചെയ്തുതരാറാണ് പതിവ്", അക്രം സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ പറഞ്ഞു.
'I'd been carrying a massive brick around for a month' 🧱
— Stick to Cricket (@StickToCricket) August 25, 2025
Wasim Akram recalls some pranks in his early cricket days 😂 pic.twitter.com/9J7cx5F2En
"ആദ്യത്തെ മാസം ഞാൻ എന്റെ ബാഗ് ചുമക്കുമ്പോൾ അതിന് വളരെ ഭാരമുണ്ടായിരുന്നു. സാധാരണയായി നിങ്ങൾ കളിക്കുമ്പോൾ ബാഗിൽ മുകളിലെ സാധനങ്ങൾ എടുത്ത് വസ്ത്രം മാറി കളി തുടരും. ഒരു മാസത്തിനുശേഷമാണ് എന്റെ കിറ്റ് ബാഗിൽ ഒരു വലിയ ഇഷ്ടിക ഉണ്ടായിരുന്നെന്ന് ഞാൻ മനസ്സിലാക്കിയത്. ആ ഒരു മാസം ഞാൻ അത് ചുമക്കുകയായിരുന്നു. എന്റെ ബാഗിൽ ആ ഇഷ്ടിക വെച്ചത് മൈക്കൽ വാട്ട്കിൻസൺ ആയിരുന്നു. മൈക്ക് ആണ് അത് ചെയ്തതെന്ന് ഞാൻ കണ്ടെത്തി, അതിന്‍റെ ദേഷ്യത്തില്‍ ഞാൻ അദ്ദേഹത്തിന്റെ സോക്സ് മുറിച്ചു", അക്രം കൂട്ടിച്ചേർത്തു.
Content Highlights: Wasim Akram Shares Funny Brick Prank During County Cricket Stint