
ഛണ്ഡീഗഡ്: പഞ്ചാബിലെ പട്യാലയിൽ ആശുപത്രി വാർഡിന് സമീപം ശിശുവിന്‍റെ തലയുമായി തെരുവുനായയെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി ഡോ ബൽബീർ സിങ്. വിശദമായ അന്വേഷണം നടത്താൻ സംഭവം നടന്ന രജീന്ദ്ര ആശുപത്രി അധികൃതർക്കും പൊലീസിനും മന്ത്രി നിർദേശം നൽകി. കണ്ടെത്തിയ ശരീരഭാഗം വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് സംഘത്തിന് കൈമാറി. ചൊവ്വാഴ്ച വൈകീട്ടാണ് പട്യാലയിലെ സർക്കാർ ആശുപത്രിയിലെ നാലാം വാർഡിന് സമീപം ശിശുവിന്‍റെ തലയുമായി നായയെ കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട അറ്റൻഡർ ഉടൻ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവം ഗൗരവമായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും വിശദമായ അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ആശുപത്രിയിൽ നിന്നും നവജാതശിശുക്കളെ കാണാതായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ വിശാൽ ചോപ്ര സ്ഥിരീകരിച്ചു. അടുത്തിടെ ഉണ്ടായ മരണങ്ങളിൽ മൃതദേഹം കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഇതെല്ലാം രേഖകളിൽ വ്യക്തമാണ്. ആരെങ്കിലും ശിശുവിന്റെ ശരീരം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും ചോപ്ര പറഞ്ഞു.
വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ തലയുമായി തെരുവുനായ പോകുന്നത് കണ്ടതിന് പിന്നാലെ ആശുപത്രി അധികൃതരാണ് ഇത് പൊലീസിനെ അറിയിച്ചത്. സംഭവം അറിഞ്ഞപാടേ സ്ഥലത്ത് പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു. ലഭിച്ച ശരീര ഭാഗവും തെളിവുകളും ഫോറൻസിക് പരിശോധനയക്ക് അയച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് സൂപ്രണ്ട് പൽവിന്ദർ സിങ് ചീമ പറഞ്ഞു.
Content Highlights: dog seen carrying infants head near hospital in Punjab, minister Orderd probe