ട്രംപ് നാലുതവണ വിളിച്ചു; പക്ഷെ മോദി ഫോണെടുത്തില്ലെന്ന് ജര്‍മന്‍ പത്രം

തീരുവ വര്‍ധിപ്പിച്ച് സമ്മര്‍ദം ചെലുത്താനുളള ട്രംപിന്റെ തന്ത്രങ്ങള്‍ മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഫലിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ഫലം കണ്ടില്ലെന്നും ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കം വിശകലനം ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

dot image

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ കോള്‍ അവഗണിച്ചെന്ന് ജര്‍മന്‍ പത്രം. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കാന്‍ കുറഞ്ഞത് നാലുതവണയെങ്കിലും ശ്രമം നടത്തിയെങ്കിലും മോദി അദ്ദേഹത്തോട് സംസാരിക്കാന്‍ വിസമ്മതിച്ചു എന്നാണ് ജര്‍മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയതിനു പിന്നാലെ കൂടുതല്‍ ശിക്ഷിക്കുമെന്ന ഭീഷണികള്‍ക്കിടെയാണ് ഡോണള്‍ഡ് ട്രംപ് മോദിയെ വിളിച്ചത്.

റഷ്യക്കൊപ്പം ചേര്‍ന്ന് ഇന്ത്യ എന്തുചെയ്താലും തനിക്ക് പ്രശ്‌നമില്ലെന്നും അവര്‍ ഒരുമിച്ച് അവരുടെ മരിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകൊളളട്ടേ എന്നും കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുകയാണെന്നായിരുന്നു ഇതിന് നരേന്ദ്രമോദി നല്‍കിയ മറുപടി. ട്രംപിന്റെ നടപടികളില്‍ നരേന്ദ്രമോദി അസ്വസ്ഥനാണ് എന്നാണ് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ അവഗണിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നും ജര്‍മന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരുവ വര്‍ധിപ്പിച്ച് സമ്മര്‍ദം ചെലുത്താനുളള ട്രംപിന്റെ തന്ത്രങ്ങള്‍ മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഫലിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ഫലം കണ്ടില്ലെന്നും ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കം വിശകലനം ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കോളുകള്‍ വന്നതായി പറയപ്പെടുന്ന തീയതികള്‍ ഏതൊക്കെയാണെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ഇറക്കുമതി തീരുവ വിഷയത്തില്‍ ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ലെന്ന നിലപാടില്‍ തന്നെയാണ് അമേരിക്ക. 50 ശതമാനം താരിഫിൽ ഇന്ത്യക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 27 മുതൽ 50% താരിഫ് നടപ്പാക്കും. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് ഇന്ത്യക്ക് നോട്ടീസ് നൽകിയത്. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യക്ക് നോട്ടീസ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.

Content Highlights: Narendramodi refused Donald trumps phone calls four times: reporter german newspaper

dot image
To advertise here,contact us
dot image