
ഗ്രേറ്റർ നോയിഡ: സ്ത്രീധനത്തിന്റെ പേരിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ക്രൂരകൊലപാതകം. യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. നിക്കിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നിട്ടുണ്ട്.
കൊലപ്പെടുത്തുന്നതിന് മുമ്പ് യുവതിയെ അടിക്കുന്നതിന്റെയും പാതി കത്തിയ ശരീരവുമായി യുവതി കോണിപ്പടിയിറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അമ്മയെ തന്റെ കൺമുന്നിൽ വെച്ചാണ് കൊലപ്പെടുത്തിയെന്ന ആറുവയസുള്ള മകന്റെ മൊഴി പുറത്തുവന്നിട്ടുണ്ട്. അച്ഛനും മുത്തശ്ശിയും ചേർന്ന് അമ്മയുടെ മേൽ ഒരു വസ്തു ഒഴിച്ചുവെന്നും അടിച്ചുവെന്നും പിന്നീട് തീകൊളുത്തിയെന്നുമാണ് കുട്ടി പറഞ്ഞത്.
36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് വിപിനും ഭർത്താവിന്റെ ബന്ധുക്കളും ചേർന്ന് തന്റെ ഇളയ സഹോദരിയെ കൊലപ്പെടുത്തിയെന്ന് സഹോദരി കാഞ്ചൻ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചുപോകുന്നതാണ് നല്ലതെന്നും വീണ്ടും വിവാഹം കഴിക്കുമെന്നും വിപിൻ നിക്കിയോട് പറഞ്ഞെന്നും കാഞ്ചൻ പറഞ്ഞു. നിക്കിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രേറ്റർ നോയിഡയിലെ സിർസ സ്വദേശിയാണ് വിപിൻ ഭാട്ടി. ഒമ്പത് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
പരാതിയിടെ അടിസ്ഥാനത്തിൽ ഭർത്താവ് വിപിൻ, സഹോദരീ ഭർത്താവ് രോഹിത് ഭാട്ടി, ഭർതൃമാതാവ് ദയ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിപിനെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Content Highlights: Son On Mother's death Over Rs 36 Lakh Dowry In Noida