
രജനികാന്തിന്റെ റെക്കോർഡ് ഭേദിക്കാൻ അദ്ദേഹം തന്നെ വേണമെന്ന് പണ്ട് ഏതോ ഒരു ഷോയിൽ ആരോ പറഞ്ഞപോലെ ഇപ്പോൾ സംഭവിച്ചിരിക്കുന്നു. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തരംഗം തീർത്തിരിക്കുകയാണ് രജനികാന്തിന്റെ കൂലി. ഇപ്പോൾ ആഗോളതലത്തിൽ 450 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എട്ട് ദിവസത്തിനുള്ളിൽ കൂലിയുടെ ഹിന്ദി പതിപ്പ് 26.02 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത റോബോട്ട് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ മറികടന്ന് രജനിയുടെ രണ്ടാമത്തെ വലിയ ഹിറ്റായി കൂലി മാറി. ആദ്യ ദിവസം 4.5 കോടി രൂപയുമായാണ് കൂലി ഹിന്ദി ബോക്സ് ഓഫീസിൽ വരവറിയിച്ചത്. രണ്ടാം ദിവസം 6.25 കോടി രൂപയും മൂന്നാം ദിവസം 4.25 കോടി രൂപയും നാലാം ദിവസം 4.75 രൂപയും നേടിയതോടെ വാരാന്ത്യത്തിൽ ഹിന്ദിയിൽ ചിത്രം 19 കോടിയിലധികം രൂപ നേടിയിരുന്നു.
അതേസമയം, കൂലിക്ക് ഒപ്പം ഇറങ്ങിയ വാർ 2വിന്റെ അവസ്ഥ ദയനീയമാണ്. ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സിലെ വാർ 2 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എന്നാൽ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിട്ടില്ല. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബോക്സ് ഓഫീസിൽ സിനിമ തകർന്നടിയുന്ന കാഴ്ചയാണുണ്ടാകുന്നത്.
പുറത്തിറങ്ങി പത്ത് ദിവസം കഴിയുമ്പോൾ ആഗോള തലത്തിൽ 320 കോടിയാണ് സിനിമയുടെ നേട്ടം. 248.65 കോടി ഇന്ത്യയിൽ നിന്ന് നേടിയ ചിത്രം 71.35 കോടി ഓവർസീസ് മാർക്കറ്റിൽ നിന്നാണ് നേടിയത്. 400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. അതേസമയം, ഹിന്ദിയിൽ നിന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായ സിനിമയ്ക്ക് തെലുങ്കിൽ പൂർണമായും അടിതെറ്റി. ഹിന്ദിയിൽ നിന്ന് ഇതുവരെ വാർ 2 159.1 കോടി നേടിയപ്പോൾ തെലുങ്കിൽ നിന്ന് നേടാനായത് വെറും 53.55 കോടി മാത്രമാണ്. 80 കോടി നൽകിയാണ് സിനിമയുടെ തെലുങ്ക് പതിപ്പ് നാഗ വംശി സ്വന്തമാക്കിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബോക്സ് ഓഫീസിലെ സിനിമയുടെ തകർച്ച കണക്കിലെടുത്ത് യഷ് രാജ് ഫിലിംസ് നാഗ വംശിയ്ക്ക് നഷ്ടപരിഹാരം നൽകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.
22 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം വാർ 2 100 കോടിയിലധികം നേടുമെന്ന് നിർമ്മാതാവ് ഉറപ്പിച്ചിരുന്നു, എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്താക്കിയായിരുന്നു സിനിമയുടെ പ്രകടനം. അതേസമയം, സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു. സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിക്കുന്നുണ്ട്. സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ പറയുന്നത്.
Content Highlights: Collection report of Coolie and War 2